ഭക്ഷണത്തിനോ യൂനിഫോമിനോ പണമില്ല; സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ അവഗണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: അഭിമാനമായി ഉയര്‍ത്തിക്കാട്ടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയോട് അവഗണനയുമായി സംസ്ഥാന സര്‍ക്കാര്‍. കുട്ടികള്‍ക്ക് യൂനിഫോമിനോ ഭക്ഷണത്തിനോ ഈ സാമ്പത്തിക വര്‍ഷം ധനവകുപ്പ് പണം നല്‍കിയില്ല. സ്‌കൂളില്‍ ചുമതലയുള്ള അധ്യാപകരും പി.ടി.എയും ചേര്‍ന്ന് പണം പിരിച്ചാണ് കുട്ടിപ്പൊലീസുകാരെ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ കുട്ടികള്‍ പിരിവെടുത്താണ് ഭക്ഷണം എത്തിച്ചത്. പണമില്ലാത്തതിനെ തുടര്‍ന്ന് ക്യാമ്പുകള്‍ തടസപ്പെടുന്ന സ്ഥിതിയും ഉണ്ടായി.

രാജ്യത്തിന് മാതൃകയായി കേരളം മുന്നോട്ടുവെച്ച പദ്ധതിയോടാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുഖം തിരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇവിടെയെത്തി പഠിച്ച ശേഷം അവിടെ നടപ്പാക്കിയ പദ്ധതിയാണ് എസ്.പി.സി. എന്നാലിപ്പോള്‍ കുട്ടി പൊലീസുകാര്‍ക്ക് ആഹാരത്തിന് പോലും സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നില്ല. 989 സ്‌കൂളുകളിലായി 88,000 കുട്ടികളാണ് സ്റ്റുഡന്റ് പൊലീസിലുള്ളത്. പ്രതിവര്‍ഷം യൂനിഫോമിന് ഓരോ കുട്ടിക്കും 2000 രൂപ നല്‍കണം. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് പരേഡുള്ളത്. പരേഡ് ഉള്ള ദിവസങ്ങളില്‍ ഒരു കുട്ടിക്ക് ലഘുഭക്ഷണത്തിനായി കഴിഞ്ഞ ബജറ്റില്‍ 8.50 രൂപയാണ് അനുവദിച്ചത്. ഇതുതന്നെ മതിയാവില്ല.

ഒരു വര്‍ഷം എസ്.പി.സി നടത്തികൊണ്ടുപോകാന്‍ 24 കോടിയുടെ ചെലവുണ്ടെന്ന് സ്റ്റുഡന്റ് പൊലീസ് ഡയറക്ടറേറ്റ് ബജറ്റ് ചര്‍ച്ച സമയത്ത് സര്‍ക്കാരിനെ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാര്‍ അത് വെട്ടികുറച്ച് 10 കോടിയാക്കി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം ബാക്കി നില്‍ക്കെ 10 കോടിയില്‍ പത്തു പൈസ ഇതുവരെ നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം പറയുന്നത്. ലഘു ഭക്ഷണം വാങ്ങാനാള്ള പണം പോലുമെത്തിയില്ല.

വര്‍ഷത്തില്‍ മൂന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കണം. ഓണകാലത്തും ക്രിസ്മസ് അവധിക്കും സ്‌കൂളുകളില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ക്യാമ്പ് നടത്തണം. ഓണത്തിന് ക്യാമ്പ് നടത്താന്‍ പണം നല്‍കിയില്ല. ക്രിസ്മസ് കാലത്തെങ്കിലും പണമെത്തുമെന്ന് കരുതി, അതും വന്നില്ല. സ്വന്തം നിലയില്‍ ക്യാമ്പ് നടത്താനായിരുന്നു നിര്‍ദ്ദേശം. പണം ഇല്ലാത്ത് കാരണം ക്യാമ്പ് രണ്ടു ദിവസമാക്കി ചുരുക്കി. കുട്ടികള്‍ പിരിവെടുത്താണ് ഈ ക്രിസ്മസ് കാലത്ത് ക്യാമ്പില്‍ ഭക്ഷണം വിളമ്പിയത്.

യുനിസെഫ് പോലും പഠനം നടത്തി മാതൃകയാക്കണമെന്ന് പറഞ്ഞ ഒരു പദ്ധതിയെയാണ് ഇങ്ങനെ കൊല്ലുന്നത്. 10 കോടി സര്‍ക്കാരിന് വലിയ കടമ്പയല്ല. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക പങ്കാണ് എസ്.പി.സിക്കുള്ളത്. ലഹരി വിരുദ്ധ ക്യാമ്പയിന്, ഗതാഗതനിയന്ത്രണത്തിന്, മേളകള്‍ക്ക് തുടങ്ങി കഴിഞ്ഞ 14 വര്‍ഷം കുട്ടിപ്പൊലീസുകാര്‍ ചെയ്യാത്ത സേവനങ്ങളില്ല. കുട്ടികള്‍ക്ക് ആവേശമായ പദ്ധതിയോടാണ് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.

Tags:    
News Summary - No money for food or uniform; Govt ignores Student Police Cadet scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.