സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിന് ചേര്‍ന്ന ഡോക്ടര്‍മാരെ വീണ്ടും സേവനത്തിന് നിര്‍ബന്ധിക്കരുത്: ഹൈകോടതി

കൊച്ചി: എം.ബി.ബി.എസിനും പോസ്റ്റ് ഗ്രാജ്വേഷനും ശേഷമുള്ള നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം പൂര്‍ത്തിയാക്കി 2015നുമുമ്പ് സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിന് ചേര്‍ന്ന ഡോക്ടര്‍മാരെ വീണ്ടും സേവനത്തിന് നിര്‍ബന്ധിക്കരുതെന്ന് ഹൈകോടതി. 2015ലെ സര്‍ക്കാര്‍ ഉത്തരവ് 2013ലെ പ്രോസ്പെക്ടസിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ബാധകമാക്കാനാവില്ല. ഒരു വര്‍ഷത്തെ നിര്‍ബന്ധിതസേവനം പൂര്‍ത്തിയാക്കിയിട്ടും സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിനുശേഷം വീണ്ടും നിര്‍ബന്ധിത സേവനം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചോദ്യംചെയ്ത് ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.

എം.ബി.ബി.എസിനോ പോസ്റ്റ് ഗ്രാജ്വേഷനോ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിനോ ശേഷം വിദ്യാര്‍ഥികള്‍ ഒരുവര്‍ഷം നിര്‍ബന്ധമായും സര്‍ക്കാര്‍ സേവനം നടത്തണമെന്ന ഉത്തരവ് 2008ലാണ് പുറപ്പെടുവിച്ചത്. എം.ബി.ബി.എസിനുശേഷം സേവനംനടത്തിയവര്‍ പി.ജിക്കോ സൂപ്പര്‍ സ്പെഷാലിറ്റിക്കോ വീണ്ടും നിര്‍ബന്ധിത സേവനം ചെയ്യേണ്ടതില്ളെന്ന് വ്യവസ്ഥയുണ്ട്. എം.ബി.ബി.എസിനും പി.ജിക്കുംശേഷം നിശ്ചിത കാലത്തെ നിര്‍ബന്ധിത സേവനം പൂര്‍ത്തിയാക്കിയവരാണ് ഹരജിക്കാര്‍. 2013ലെ വിജ്ഞാപനപ്രകാരമാണ് ഇവര്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റിയില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍, 2013-16 വര്‍ഷത്തെ കോഴ്സ് തീരാറായ സമയത്ത് 2015ല്‍ സര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കി. എം.ബി.ബി.എസിനുശേഷം നിര്‍ബന്ധിത സേവനം നടത്തിയാലും പി.ജിക്കോ സൂപ്പര്‍ സ്പെഷാലിറ്റിക്കോ ശേഷവും ഇത് നിര്‍ബന്ധമാണെന്നായിരുന്നു ഉത്തരവ്. 2015ലെ പ്രവേശനവും ഇതിന്‍െറ അടിസ്ഥാനത്തിലാക്കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യാന്‍ തയാറാണെന്ന ഉറപ്പുനല്‍കാന്‍ ഹരജിക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യപ്പെട്ടാല്‍ നിര്‍ബന്ധിത സേവനത്തിന് തയാറാണെന്ന ഉറപ്പുനല്‍കേണ്ടിവരുമെന്ന് പ്രോസ്പെക്ടസിലുണ്ടെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം. സര്‍ക്കാര്‍ കോളജുകള്‍ കൂടുതലായി ആരംഭിച്ചപ്പോള്‍ അധ്യാപകരുടെ കുറവുണ്ടെന്നും അത് നികത്താനുള്ള ശ്രമത്തിന്‍െറ ഭാഗം കൂടിയാണ് സീനിയര്‍ വിഭാഗത്തിനുള്ള നിര്‍ബന്ധിത സേവനമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചെലവ് സര്‍ക്കാറിന്‍േറതാണെന്ന വാദം ശരിയല്ളെന്നും മതിയായ ഫീസും താമസത്തിന് വാടകയും നല്‍കിയാണ് കോഴ്സ് ചെയ്യുന്നതെന്നും ഹരജിക്കാരും വ്യക്തമാക്കി.

2015ലെ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കാനോ 2013ല്‍ പ്രവേശനം നേടിയവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനോ സാധ്യമല്ളെന്നും അവര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. 2013ലെ പ്രോസ്പെക്ടസിലെ നിര്‍ദേശപ്രകാരമുള്ള വ്യവസ്ഥകള്‍ ഹരജിക്കാര്‍ പാലിച്ചിട്ടുണ്ട്. അതിനാല്‍ 2013-16 അധ്യയന കാലഘട്ടത്തിലേക്കുള്ള പ്രോസ്പെക്ടസ് വ്യവസ്ഥകള്‍ ലംഘിച്ചതായി പറയാനാവില്ളെന്നും 2015ലെ ഉത്തരവ് ബാധകമാകില്ളെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - no compulsory service docters -highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.