എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍ -മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. 10, 11, 12 ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും. എസ്.എസ്.എല്‍.സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കും.

1 മുതല്‍ 9 വരെ ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടൈംടേബിള്‍ പരിഷ്‌കരിച്ച് ഉടന്‍ പുറത്തിറക്കും. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളില്‍ ഇരുന്ന് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുക.

തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതല യോഗം ചേരും. 10, 11, 12 ക്ലാസുകള്‍ക്ക് വേണ്ട കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല. ഓഫ്‌ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കുന്നത് മുന്‍കരുതല്‍ എന്ന നിലയിലാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാറിന് പ്രധാനം -മന്ത്രി വ്യക്തമാക്കി.

എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ കണക്കുകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ അപ്‌ഡേറ്റ് ചെയ്യാന്‍ കൈറ്റ് - വിക്ടര്‍സ് പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

Tags:    
News Summary - no change in SSLC Plus Two exams says education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.