കൊച്ചി: നടി ആക്രമണ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി ഡിവിഷൻബെഞ്ചും. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എട്ടാംപ്രതിയായ നടൻ ദിലീപ് നൽകിയ അപ്പീൽഹരജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിലെ ചില പരാമർശങ്ങൾ അനാവശ്യമാണെന്ന് വിലയിരുത്തി ഒഴിവാക്കി. കേസിലെ വിചാരണ അവസാന ഘട്ടത്തിലാണെന്നും വിചാരണ കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ ഹരജി തള്ളിയത്.
കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്നാണ് ദിലീപിന്റെ ആവശ്യം. 2017 ഏപ്രിൽ 17ന് പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ആക്രമണദൃശ്യങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽ ഫോൺ ഇനിയും വീണ്ടെടുത്തിട്ടില്ലെന്നും ഇത് കണ്ടെത്തേണ്ടതാണെന്നും ഹരജിയിൽ പറയുന്നു.
ഇതടക്കം കാര്യങ്ങൾ ഉന്നയിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. 2018 ഡിസംബറിലാണ് അന്വേഷണം ശരിയായ രീതിയിലാണെന്നടക്കം അഭിപ്രായപ്പെട്ട് സിംഗിൾബെഞ്ച് ഹരജി തള്ളിയത്. എന്നാൽ, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പരാമർശം അനാവശ്യമായിരുന്നുവെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ഉത്തരവിലെ ഈ ഭാഗം ഒഴിവാക്കി.
ഇത്തരം കാര്യങ്ങൾ വിചാരണ കോടതിയാണ് പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി. എന്നാൽ, സി.ബി.ഐ അന്വേഷണ ആവശ്യം തള്ളാൻ സിംഗിൾ ബെഞ്ച് കണക്കിലെടുത്ത മറ്റ് കാര്യങ്ങളെല്ലാം ഡിവിഷൻ ബെഞ്ച് ശരിവെച്ചു. നടിയെ അക്രമിച്ച കേസിലെ വിചാരണനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.