‘തൃത്താലയുടെ എം.എൽ.എ’; മന്ത്രിസ്ഥാനമില്ല, പ്രതിഷേധ സൂചനയുമായി വി.ടി ബല്‍റാം

കൂറ്റനാട്: മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ പ്രതിഷേധം പരോക്ഷമായി പ്രകടമാക്കി വി.ടി ബല്‍റാം എം.എൽ.എ. ‘തൃത്താലയുടെ എം.എൽ.എ’ എന്ന വാചകത്തോടെ തന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്ക് വെച്ചാണ് ബല്‍റാം പ്രതിഷേധമറിയിച്ചത്.

യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പാലക്കാട് ജില്ലയുടെ പ്രതിനിധിയായി വി.ടി ബല്‍റാം വരുമെന്ന സൂചന ശക്തമായിരുന്നു. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളിൽ തട്ടി കെ.എ. തുളസി പാലക്കാടിന്റെ മന്ത്രിയായതോടെ ബല്‍റാം പുറത്തായി.

കഴിഞ്ഞതവണ യു.ഡി.എഫില്‍ നിന്ന് തൃത്താല മണ്ഡലം പിടിച്ചെടുത്ത എം.ബി രാജേഷ് നിയമസഭ സ്പീക്കറും പിന്നീട് പുനഃസംഘടനയിൽ തദ്ദേശഭരണ- എക്സൈസ് മന്ത്രിയുമായിരുന്നു.

ഇതിലൂടെ തൃത്താലക്ക് ആദ്യമന്ത്രിയെന്ന പരിഗണന ലഭിച്ചു. എന്നാല്‍, ഇത്തവണ അട്ടിമറിജയത്തിലൂടെ തൃത്താല പിടിച്ചെടുത്ത വി.ടി ബല്‍റാം, യു.ഡി.എഫ് ഭരണത്തിൽ മന്ത്രിയാകുമെന്നാണ് അവസാന നിമിഷം വരെയും തൃത്താലക്കാരും പ്രതീക്ഷിച്ചിരുന്നത്.

പുതിയ മന്ത്രി സഭക്ക് ആശംസകൾ നേർന്നും ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫിൻ്റെ ഒരു സർക്കാർ നാളെ അധികാരമേൽക്കുന്നു. വി.ഡി. സതീശൻ്റെ നേതൃത്ത്വത്തിലുള്ള ടീം യുഡിഎഫ് മന്ത്രിസഭക്ക് ആശംസകൾ. ജനങ്ങളാണ് മുഖ്യം. ജനവിശ്വാസം കാത്ത്, വാഗ്‌ദാനങ്ങൾ പാലിച്ച്, കേരളത്തെ മുന്നോട്ടു നയിക്കാൻ പുതിയ ടീമിന് സാധിക്കട്ടെ’ -എന്നായിരുന്നു കുറിപ്പ്.  


അതേസമയം, മന്ത്രിസ്ഥാനത്തിന് അർഹരായ പലരും പുറത്തായതിൽ ദു:ഖമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിലെ 63 എം.എൽ.എമാരിൽ അർഹതയും യോഗ്യതയുമുള്ള നിരവധി പേർ പുറത്തുണ്ട്. പാർട്ടി എന്ന നിലയിൽ മറ്റു പലവിധ പരിഗണനകൾ അനിവാര്യമായതിനാലാണ് ഇവർ ഒഴിവാക്കപ്പെട്ടത്. നിലവിൽ ഉൾപ്പെട്ട പലരേക്കാളും അർഹതയുള്ളവരാണിവർ. കോൺഗ്രസിന് 11 മന്ത്രിസ്ഥാനങ്ങളേയുള്ളൂ. സാമൂഹികവും സാമുദായികവുമായ സന്തുലിതത്വം പാലിക്കാനാണ് ഇവരെ പരിഗണിക്കാതിരുന്നത്. അതിൽ വലിയ ദുഃഖമുണ്ട്. വകുപ്പ് വിഭജനം ഏതാണ്ട് പൂർത്തിയായി. ചെറിയ തിരുത്തുകളേയുള്ളൂ. ഘടകകക്ഷികൾ തമ്മിലുള്ളവയിൽ ചില കാര്യങ്ങൾകൂടി നോക്കാനുണ്ട്. ഒരു ഡിമാൻഡും ഘടകകക്ഷികൾ വെച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥയും സാമുദായിക പരിഗണനയും ജില്ല പ്രാതിനിധ്യവും സീനിയോറിറ്റിയുമടക്കം വിവിധ ഘടങ്ങൾ പരിഗണിച്ചാണ്​ കോൺഗ്രസിലെ 63 എം.എൽ.എമാരിൽനിന്ന്​ മ​ന്ത്രിമാരായ 11 പേരെ അരി​ച്ചെടുത്ത്​. അവസാന നിമിഷം പേരുയർന്ന്​ കേട്ടവർ ഒടുവിൽ ഒഴിവാക്കപ്പെട്ടു. ആദ്യ രണ്ടു​ ഘട്ടങ്ങളിലൊന്നും ചർച്ചയിൽ ഇല്ലാതിരുന്നവർ അവസാന നിമിഷം പരിഗണിക്കപ്പെടുകയും ചെയ്തു. മന്ത്രിസഭയിൽ 14 പേർ പുതുമുഖങ്ങളാണ്​.

മുഖ്യമന്ത്രി വി.ഡി. സതീശന്​ പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ്​ ​ജോസഫ്​, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, പി.സി. വിഷ്​ണുനാഥ്​, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ്​ തിങ്കളാഴ്ച രാവിലെ 10ന്​ സത്യ​പ്രതിജ്ഞ ചെയ്ത്​ അധികാരമേൽക്കുക.

മുതിർന്ന കോൺ​​​ഗ്രസ്​ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ്​ ഡെപ്യൂട്ടി സ്പീക്കർ. കോൺഗ്രസിന്​ മുഖ്യമന്ത്രിയടക്കം 12ഉം മുസ്​ലിം ലീഗിന്​ അഞ്ചും കേരള കോൺഗ്രസ്​, ആർ.എസ്​.പി, സി.എം.പി, കേരള​ കോൺഗ്രസ്​ ജേക്കബ്​ എന്നീ ഘടകകക്ഷികൾ ഓരോ മന്ത്രിമാർ വീതവുമാണ്​ ലഭിച്ചത്​. ചില ഘടകകക്ഷികളുടെ കാര്യത്തിൽ ടേം വ്യവസ്ഥ നിശ്ചയിച്ചെങ്കിലും അത്​ പിന്നീട്​ പ്രഖ്യാപിക്കും. അനൂപ്​ ​ജേക്കബും മാണി സി. കാപ്പനും ചുമതല വെച്ചുമാറുന്നത്​ സംബന്ധിച്ച്​ ​ചർച്ചകൾ തുടരുന്നതായാണ് സൂചന.

അതേസമയം, മുസ്​ലിം ലീഗ്​ ടേം വ്യവസ്ഥയിൽ രണ്ടര വർഷം കഴിഞ്ഞ്​ മന്ത്രിയാകുന്നയാളെ പ്രഖ്യാപിക്കുകയും ചെയ്​തു. കോഴിക്കോട്​ ജില്ലയിൽ നിന്നുള്ള പാറയ്ക്കൽ അബ്​ദുല്ലയാണ്​ രണ്ടാം ടേം മന്ത്രി. വകുപ്പുകൾ സംബന്ധിച്ച ഏറെ​ക്കുറെ ധാരണയായെങ്കിലും അന്തിമമായിട്ടില്ല. അവസാനവട്ട ചർച്ചകൾ പുരോഗിക്കുകയാണ്​. സത്യപ്രതിജ്ഞക്ക്​ ശേഷമാകും ഇക്കാര്യം പ്രഖ്യാപിക്കുക.

കോൺഗ്രസിൽ ആറ്​ പതിറ്റാണ്ടുകൾക്ക്​ ശേഷമാണ്​ മുഖ്യമന്ത്രിക്കൊപ്പം സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്​. പട്ടികജാതി വിഭാഗത്തിൽനിന്ന്​ രണ്ടു മന്ത്രിമാരുണ്ടാകുന്നതും ചരിത്രം. 1960ൽ എ. നഫീസത്ത്​ ബീവിക്ക്​ ശേഷം ഇതാദ്യമായാണ്​ വനിത ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കെത്തുന്നത്.

Tags:    
News Summary - No Cabinet Berth for VT Balram: Thrithala MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.