കൊച്ചി: ശബരിമല സ്വർണകൊള്ള കേസിലെ നാലാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ തിരുവല്ല സ്വദേശി എസ്. ജയശ്രീ, ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ചെമ്പഴന്തി സ്വദേശി എസ്. ശ്രീകുമാർ എന്നിവർക്ക് മുൻകൂർ ജാമ്യമില്ല. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ ഇരുവരുടേയും ഹരജി തള്ളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായ അതിഗൗരവമുള്ള കേസാണിതെന്നും മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിലയിരുത്തിയാണ് ഹരജി തള്ളിയത്. ദേവസ്വം ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് ഹരജിക്കാരി വാദിച്ചത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019 ജൂലൈ അഞ്ചിന് ഉത്തരവിറക്കിയത് ജയശ്രീയായിരുന്നു. എന്നാൽ, ക്ഷേത്രങ്ങളിലെ വിലപ്പെട്ട വസ്തുക്കളുടെ കസ്റ്റോഡിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണെന്നാണ് ദേവസ്വം മാന്വലിൽ വ്യക്തമാക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
സെക്രട്ടറി പദവി ചീഫ് അഡ്മിനിസ്ട്രേറ്ററുടെതാണ്. എല്ലാ ഫയലുകളും കൈകാര്യം ചെയ്യുന്ന സെക്രട്ടറിക്ക് ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്നും വാദിച്ചു. നിരപരാധിയാണെങ്കിൽ, പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയപ്പോൾ ഇത് സ്വർണം പൊതിഞ്ഞതാണെന്ന് തിരുത്താൻ 35 വർഷത്തെ സർവിസുള്ള ഹരജിക്കാരി തയാറായേനെയെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, അതുണ്ടായില്ല. അതിനാൽ ക്രമക്കേടിനെക്കുറിച്ച് ഹരജിക്കാരിക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവുമെന്ന് കോടതി പറഞ്ഞു. സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിന് 2019 ജൂലൈ 19ന് തയാറാക്കിയ മഹസറിൽ സാക്ഷിയായി ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന ശ്രീകുമാറിന്റെ വാദവും കോടതി തള്ളി.
സംഭവത്തിന് രണ്ടു ദിവസം മുമ്പാണ് സ്ഥലം മാറിയെത്തിയതെന്നും ക്രമക്കേടിൽ പങ്കില്ലെന്നുമുള്ള വാദവും ശ്രീകുമാർ ഉയർത്തി. എന്നാൽ, അമൂല്യ വസ്തുക്കളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ മഹസറിലെ ഉള്ളടക്കം പരിശോധിക്കുകയും സംശയം തീർക്കുകയും ചെയ്യേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുതിയാൽപ്പോലും അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതായി കോടതി വിലയിരുത്തി. ശബരിമല അയ്യപ്പ സന്നിധിയിലെ അമൂല്യമായ വസ്തുക്കളിൽ നിന്ന് 4541 ഗ്രാം സ്വർണം കവർന്നതിന് പിന്നിൽ വിപുലമായ ഗൂഢാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
നിലവിൽ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്കും അന്വേഷണം നീളേണ്ടതുണ്ട്. ഉന്നതർ ഒരുക്കിയ സംരക്ഷണമാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ തുണയായത്. 2019ൽ ചെമ്പ് പാളിയെന്ന പേരിൽ ദ്വാരപാലക ശിൽപങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപങ്ങൾക്ക് വീണ്ടും സ്വർണം പൂശേണ്ടതില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദ്വാരപാലക ശിൽപങ്ങൾ കൈമാറാൻ ഹരജിക്കാർ അനുമതി നൽകിയത്. ദേവസ്വം മാനുവലിലെ നിർദേശങ്ങൾ പാലിച്ചിട്ടില്ല.
ദ്വാരപാലക ശിൽപങ്ങൾ കൈമാറാൻ ബോർഡിന്റെ നിർദേശമുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങണമെന്ന നിർദേശത്തോടെ മുൻകൂർ ജാമ്യ ഹരജികൾ തള്ളിയത്. വൃക്ക മാറ്റിവെക്കലിന് വിധേയയായ ജയശ്രീ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.