തിരുവനന്തപുരം: കോർപറേഷനുകളുടെ ഉടമസ്തതയിലുള്ളതടക്കം തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സ്വന്തംകെട്ടിടങ്ങൾ പലതും പ്രവർത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും. സാധാരണക്കാരിൽ നിന്നുപോലും നികുതി പിരിവിൽ വർഷാവഷം അഞ്ചുശതമാനം വർധനവ് വാങ്ങുന്ന തദ്ദേശ വകുപ്പ് ഇക്കാര്യത്തിൽ കണ്ണടക്കുകയാണ്.
മാറി മാറി വരുന്ന ഭരണസമിതികൾക്ക് മുന്നിൽ ഇതുസംബന്ധിച്ച ഫലയുകൾ അജണ്ടയായി എത്താറുണ്ടെങ്കിലും ഒന്നും പരിഗണിക്കാതെ മാറ്റുന്നതും പതിവാണ്. എം.എൽ.എ വി.കെ. പ്രശാന്തും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ തിരുവനന്തപുരം കോർപറേഷന് കീഴിലെ മുറിയെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ചട്ടലംഘനങ്ങൾ പുറത്തേക്ക് വരാൻ കാരണമായത്.
വാടകകൾ പലതും കാലോചിതമായി പരിഷ്കരിക്കാതെ ‘പാട്ടക്കരാർ’ പോലെ തുച്ചമായ തുകക്കാണ് പലരും കൈക്കലാക്കിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടങ്ങൾ പലതും 10,000 രൂപക്ക് മുകളിൽ വാടക നൽകുമ്പോൾ കോർപറേഷനുകൾക്ക് കീഴിലെ കെട്ടിടങ്ങൾ 800നും 1000ത്തിനുമൊക്കെയാണ് പലരും സ്വന്തമാക്കിയിരിക്കുന്നത്. ഏതോകാലത്തെ കരാർപ്രകാരം കടകളും മറ്റ് മുറികളും വാടകക്ക് എടുത്ത ശേഷം മറ്റ് ആളുകൾക്ക് ഉയർന്ന നിരക്കിൽ നൽകുന്നവരും ഉണ്ടെന്ന വിവരവും പുറത്തുവരുന്നു.
ഇതെല്ലാം പരിശോധിക്കുമെന്നാണ് പുതുതായി ഭരണം പിടിച്ച ബി.ജെ.പി ഭരണസമിതി പറയുന്നത്. എന്നാൽ കഴിഞ്ഞ കൗൺസിലിലടക്കം ഒപ്പം ഭരണത്തിൽ ഇരുന്നവരാണ് ബി.ജെ.പി അംഗങ്ങൾ. ഇതുസംബന്ധിച്ച് വരുന്ന അജണ്ടകളിൽ അവരും മൗനം നടിച്ചു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിവർഷം കുറഞ്ഞത് എട്ട് ശതമാനം വീതം വാടകയിൽ വർധന വരുത്തിയാണ് കരാർ പുതുക്കേണ്ടത്.
എന്നാൽ പലരും ഇത് പുതുക്കുന്നില്ല. മറ്റുചിലർ പുതുക്കുന്നുണ്ടെങ്കിലും വർധനയില്ല. 20 വർഷത്തിലേറെയായി തുച്ഛമായ തുകക്ക് പ്രവർത്തിക്കുന്ന കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കോർപറേഷന്റെ വരുമാനത്തിൽ വർധന വരുത്താനുള്ള നടപടികൾക്ക് തുടക്കമിടാനാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.