മലപ്പുറം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധ പരിപാടികളുമായി മലപ്പുറത്തെ കെ.എസ്.യു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും അനുകൂലികളാണ് മലപ്പുറം ജില്ലയിൽ വെവ്വേറെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
നിതിൻരാജിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ആസാദി മാർച്ച് എന്ന പേരിൽ മലപ്പുറം കെ.എസ്.യു ജില്ല കമ്മിറ്റിയാണ് ആദ്യം പരിപാടി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് കലക്ടറേറ്റ് മാർച്ചാണ് തീരുമാനിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറായിരുന്നു ഉദ്ഘാടകൻ. എന്നാൽ, തിങ്കളാഴ്ച രാവിലെ 11ന് ഇതേ വിഷയത്തിൽ കെ.എസ്.യു നേതൃത്വത്തിൽ പൊന്നാനിയിൽ മറ്റൊരു പ്രതിഷേധ പരിപാടി കൂടി നടന്നു. പൊന്നാനി സിവിൽ സ്റ്റേഷന് മുന്നിൽ ‘പന്തിഭോജനം’ എന്ന പേരിൽ കെ.എസ്.യുവിന്റെ രണ്ട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്റ് അടക്കമുള്ളവർ വി.ഡി. സതീശനെ അനുകൂലിക്കുന്നവരും പൊന്നാനിയിലെ പരിപാടിയുടെ സംഘാടകരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിനെയും കെ. സുധാകരനെയും അനുകൂലിക്കുന്നവരുമാണ്. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രതിഷേധം.
സാധാരണ ജില്ല കമ്മിറ്റി ഒരു പരിപാടി തീരുമാനിച്ചാൽ അതേ വിഷയത്തിൽ അതേ ദിവസം മറ്റൊരു പരിപാടി സംഘടിപ്പിക്കാറില്ല. ഒന്ന് ജില്ല പരിപാടിയും മറ്റേത് പ്രാദേശിക പരിപാടിയുമാണെന്നാണ് ഇതേക്കുറിച്ചുള്ള നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.