ബാർ ലൈസൻസ് വിവാദം: എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത, സൂചന നൽകി മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന സൂചന നൽകി മന്ത്രി എം. ലിജു. ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി മന്ത്രിക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി. വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശിപാർശ നൽകാനാണ് നീക്കം.

സംസ്ഥാനത്ത് 10 മുതൽ 12 വർഷംവരെ അടഞ്ഞുകിടന്ന വൈൻ, ബിയർ പാർലറുകൾക്ക് അപേക്ഷ നൽകി 24 മണിക്കൂറിനകം ബാർ ലൈസൻസ് അനുവദിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കും. ബാർ ലൈസൻസ് നൽകിയതിലെ ക്രമക്കേടുകൾ താൻ നേരിട്ടു നടത്തിയ പരിശോധനയിലൂടെ പുറത്തുകൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അബ്കാരി ചട്ടപ്രകാരം 10 മാസം അടഞ്ഞുകിടന്നാൽ ബാർ ലൈസൻസ് റദ്ദാകും. എന്നാൽ, നിയമപഴുതുകൾ ഉപയോഗിച്ചാണ് അടഞ്ഞുകിടന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യമായ ധൃതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തുണ്ടാക്കിയ നിയമങ്ങളുടെ പഴുതുകളുപയോഗിച്ചാണ് താഴെത്തട്ടിലെ ഉദ്യോഗസ്ഥർ എക്‌സൈസ് കമീഷണറെയോ സർക്കാരിനെയോ അറിയിക്കാതെ ഇത്തരത്തിൽ തീരുമാനങ്ങളെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഡെപ്യൂട്ടി കമീഷണർമാർക്ക് ബാർ ലൈസൻസ് അനുവദിക്കാനും പുതുക്കാനുമുള്ള അധികാരം നൽകിയ ചട്ടങ്ങൾ കഴിഞ്ഞ സർക്കാരാണ് ഭേദഗതി ചെയ്തത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാറുണ്ടാക്കിയ തെറ്റായ നിയമങ്ങൾ ഭേദഗതിചെയ്യും. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബാർ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമീഷണർക്ക് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നുവെന്നും പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈകോടതി അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ആഘാതം നോക്കി വേണം ലൈസൻസ് അനുവദിക്കാൻ എന്നതാണ് സർക്കാർ നിലപാട്. മാർച്ച് 30 വരെ കോടതി അനുമതിയും നൽകി. സർക്കാർ നയം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റാർ ലൈസൻസ് വാങ്ങിയാൽ ഉടൻ ബാർ ലൈസൻസ് എന്നത് ശരിയല്ല. വിരമിച്ച ഉദ്യോഗസ്ഥർ പോലും ലൈസൻസിന് വേണ്ടി അങ്ങ് ഇറങ്ങുകയാണ്. കഴിഞ്ഞ സർക്കാർ പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാൻ അല്ല ഈ സർക്കാരിനെ തെരഞ്ഞെടുത്തത്. വിരമിച്ച ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി ഇറങ്ങേണ്ടതില്ല. ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങൾ പരിശോധിക്കും. 12 വർഷം ഇല്ലാതിരുന്ന ബാർ ലൈസൻസ് ഒരു പേപ്പർ കൊടുത്താൽ 24 മണിക്കൂറിൽ കിട്ടുക എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എം. ലിജു പറഞ്ഞു.

Tags:    
News Summary - Bar Licence Row: Vigilance Probe Likely Against Excise Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.