കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിന്‍രാജിന്റെ മാതാപിതാക്കൾ ഇന്ന് കോളേജ് സന്ദർശിക്കും. അപടകസ്ഥലം സന്ദർശിച്ച ശേഷം മാനേജ്മെന്റുമായി കൂടികാഴ്ച നടത്തും. അതേ സമയം നിതിന്റെ പിതാവിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും.
ഏപ്രിൽ 10നാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു. സംഭവത്തിൽ ആരോപണവിധേയരായ ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫ. ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി.
വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്.ഒ.ഡി അധിക്ഷേപിച്ചതായി നിതിന്റെ പിതാവ് രാജന് ആരോപിച്ചു. കുട്ടിയെ ‘‘പുഴുത്ത പട്ടി’’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. നിതിന്റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു.
അതേ സമയം നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ ലോൺ ആപ് നടത്തിപ്പുകാരായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. ലോൺ ആപ് സംബന്ധിച്ച് ഡെന്റൽ കോളജ് അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ആപ് വഴി നിതിൻരാജ് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസായി നൽകിയ അധ്യാപികയുടെ നമ്പറിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി. വിളിവന്ന ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് തുടർന്നു. പ്രതികൾ വിളിച്ച എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ആക്കിയെങ്കിലും സജീവമായ ഒരുഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലുണ്ടെന്ന് മനസ്സിലാക്കിയത്.
40ഓളം ജീവനക്കാരുള്ള ഐ.ടി പാർക്കിന് സമാനമായ സ്ഥാപനത്തിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സിംബോക്സുകൾ. ലോൺ ആപ് വഴി 15000 രൂപയാണ് നിതിൻരാജ് കൈപ്പറ്റിയത്. നിയമവിരുദ്ധമായി 36 ശതമാനം മാസപലിശയാണ് ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.