നിപ വൈറസ്​: ചാത്തമംഗലം പഞ്ചായത്തിൽ കടുത്ത നിയന്ത്രണം

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്​ 12കാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട്​ ചാത്തമംഗലം പഞ്ചായത്തിൽ കടുത്ത നിയന്ത്രണം. കുട്ടിയുടെ വീട്​ സ്​ഥിതി ചെയ്യുന്ന ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് ( വാർഡ് 9 ) പൂർണമായും അടച്ചിട്ടു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രോഗലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന്​ ജില്ലാ കലക്​ടർ അറിയിച്ചു.

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്. 

ഞായറാഴ്ച പുലർച്ചെ 4.45നായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്​. മസ്​തിഷ്​കജ്വരവും ഛർദ്ദിയും ബാധിച്ചാണ്​ കുട്ടി ആദ്യമായി ചികിത്സ തേടിയത്​. പിന്നീട്​ നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സെപ്റ്റംബർ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്​.

അടിയന്തര സാഹചര്യം വിലയിരുത്താനും തുടർക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോ​​​ട്ടേക്ക്​ തിരിച്ചിട്ടുണ്ട്​. ഇന്ന്​ 10​ മണിക്ക്​ കോഴിക്കോട്​ കലക്​ടറേറ്റിൽ അവലോകന യോഗം ചേരും. വീണ ജോർജിനൊപ്പം മന്ത്രിമാരായ മുഹമ്മദ്​ റിയാസും എ.കെ. ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും പ്രത്യേക മെഡിക്കൽ സംഘവും യോഗത്തിൽ പ​ങ്കെടുക്കും.

2018 മേയിലാണ് സംസ്​ഥാനത്ത്​ ആദ്യമായി നിപ വൈറസ് റിപ്പോർട്ട്​ ചെയ്​തത്​. വൈറസ് ബാധയെ തുടർന്ന്​ അന്ന് 17 പേരാണ് മരിച്ചത്. കോഴിക്കോ​ട്​ ചങ്ങരോത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന്​ പിന്നീട്​ കണ്ടെത്തിയിരുന്നു​. 2019 ജൂണിൽ കൊച്ചിയിൽ വീണ്ടും നിപ സ്ഥിരീകരിച്ചിരുന്നു. 23കാരനായ വിദ്യാർഥിക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

Tags:    
News Summary - NIPAH virus: Strict control in Chathamangalam panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.