കോഴിക്കോട്: മരണതാണ്ഡവമാടിയ നിപബാധ പടരുന്നില്ലെന്ന സൂചനയേകി തുടർച്ചയായ നാലാം ദിവസവും ആർക്കും രോഗം സ്ഥിരീകരിച്ചില്ല. തിങ്കളാഴ്ച പരിശോധിച്ച 18 പേരുടെ സാമ്പിളുകളും നെഗറ്റിവാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംശയത്തിെൻറ പേരിൽ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 24 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.
240 പേരെ പരിശോധിച്ചതിൽ 222ഉം നെഗറ്റിവാണ്. രോഗം ബാധിച്ചിരുന്ന നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നില തൃപ്തികരമാണ്. ഇവരെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പ്രമുഖ േഡാക്ടർമാർ ഉൾപ്പെടുന്ന സംഘം തീരുമാനമെടുക്കും. പ്രതിരോധത്തിെൻറ ഭാഗമായി തയാറാക്കിയ സമ്പർക്ക പട്ടികയിൽ 2377 പേരെയാണ് ഉൾപ്പെടുത്തിയത്. 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
ആസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്ന് ആവശ്യമുണ്ടെങ്കിൽ രോഗികൾക്ക് നൽകാൻ മെഡിക്കൽ കോളജിെല ഡോക്ടർമാർക്ക് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിലെ (െഎ.സി.എം.ആർ) വിദഗ്ധൻ ഡോ. അഭിജിത് കദം പരിശീലനം നൽകി.
നിപ: രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ നിപ വൈറസ് പനി സംശയിച്ച് ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് കാറിൽ മടങ്ങവെ പനി പിടിപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിൽ ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
വൈറസിെൻറ ഉറവിടം കണ്ടെത്താൻ വിദേശ സഹായവും തേടും
കോഴിക്കോട്: നിപ വൈറസിെൻറ ഉറവിടം കണ്ടെത്താനായി വിദേശത്തെ വിദഗ്ധരുടെയും സഹായം തേടും. പിടികൂടിയ വവ്വാലുകളിൽനിന്നും മറ്റും വൈറസ് കണ്ടെത്താതിരുന്നതിനാലാണ് സർക്കാർ പുതിയ മാർഗങ്ങൾ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദേശ വിദഗ്ധരുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്യൂട്ട്, നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാകും പുതിയ നീക്കം. സൂപ്പിക്കടയിലെ മൂസയുടെ വീട്ടിലുണ്ടായിരുന്ന രണ്ടു മുയലുകളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിലെ വിദഗ്ധനായ ഡോ. എ.പി. സുഗുണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഉപദേശപ്രകാരമാണ് സാമ്പിളുകൾ അയച്ചത്. നേരത്തേ ഒരു മുയലിെൻറ സാമ്പിൾ മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൈറസ് എങ്ങനെ പകർന്നുവെന്നതിനെക്കുറിച്ച് ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയ് കിരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.