തിരുവനന്തപുരം: കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നെന്നും പ്രതിരോധദൗത്യത്തിൽ അണിചേർന്നവർക്കെല്ലാം അഭിനന്ദനമറിയിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചുനിന്നുവെന്നത് അഭിമാനകരമാണ്.
പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാൻ ഈ സന്നദ്ധത ശക്തിപകരും.നിപ ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുണ്ടായിരുന്ന ഒമ്പത് വയസ്സുകാരനടക്കം നാലുപേരുടെയും പരിശോധനഫലം ഇരട്ടപ്പരിശോധനയിലും നെഗറ്റിവാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടി. നിപ രോഗബാധ സംശയമുയർന്ന ഘട്ടത്തിൽതന്നെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ സാധിച്ചു. 2018ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിന് കരുത്തുനൽകി.
രോഗികളുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും ദ്രുതഗതിയിൽ ഐസൊലേറ്റ് ചെയ്യാനും നിരീക്ഷണത്തിൽ കൊണ്ടുവരാനും സാധിച്ചത് നിപ ബാധയുടെ തീവ്രത കുറക്കാൻ സഹായിച്ചെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.