ഗാന്ധിനഗർ (കോട്ടയം): നിപ വൈറസ് എന്ന സംശയത്തിൽ കോട്ടയത്ത് രണ്ടുേപർ നിരീക്ഷണത്തിൽ. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ കാരിത്തടത്തിൽ രാജൻ വർക്കി (57), കോഴിക്കോട് പുതിയങ്ങാടി പുതിയാപ്പ ഷൈനിങ് വില്ലയിൽ വാസുദേവെൻറ മകൻ നിഥിൻ (21) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂനിറ്റിലെ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 11നാണ് രാജൻ വർക്കി മെഡിക്കൽ കോളജ് മെഡിസിൻ ഒ.പിയിൽ എത്തിയത്. കടുത്തുരുത്തിയിൽ ഒരു വിവാഹത്തിന് വരവെ നേരിയ പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് എത്തുകയായിരുന്നു. സംശയം തോന്നിയ യൂനിറ്റ് ചീഫ് ഡോ. ഷീല കുര്യൻ മറ്റ് ഡോക്ടർമാരുമായി ബന്ധപ്പെട്ട ശേഷം മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂനിറ്റിലേക്ക് രോഗിയെ മാറ്റുകയായിരുന്നു.
പുണെ ലാബിൽ വിദഗ്ധ പരിശോധനക്ക് രക്തസാമ്പിൾ കൊണ്ടുപോകാൻ ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് നിയോഗിച്ച പ്രത്യേക ജീവനക്കാരൻ വൈകീേട്ടാടെ യാത്രതിരിച്ചു. അതേസമയം, രാജൻ വർക്കിക്ക് നിപ വൈറസ് രോഗമുള്ളതായി തോന്നുന്നില്ലെന്നും രോഗം സ്ഥിരീകരിച്ച നാട്ടിൽനിന്ന് രോഗലക്ഷണത്തോടെ ചികിത്സക്കെത്തിയതിനാൽ പ്രത്യേക നിരീക്ഷണത്തിൽ പ്രത്യേക മുറിയിൽ ചികിത്സ നൽകുകയാണെന്നും ആശങ്ക വേണ്ടെന്നും ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിസിൻ യൂനിറ്റ് ചീഫും ക്രിറ്റിക്കൽ കെയർ യൂനിറ്റിെൻറ മേധാവിയുമായ ഡോ. പ്രശാന്ത്കുമാർ പറഞ്ഞു.
കൂത്താട്ടുകുളം ബി.ടി.സി കോളജിൽ മെക്കാനിക് എൻജിനീയറിങ് പഠനം പൂർത്തികരിച്ച ശേഷം നാട്ടിൽ പോയ നിഥിൻ പരീക്ഷ എഴുതാനാണ് ബുധനാഴ്ച കൂത്താട്ടുകുളത്തെത്തിയത്. പനി പെട്ടെന്ന് കൂടിയതിനാൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്ന രോഗികൾക്ക് നിപ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.