നിപ; 22 പേർ സമ്പർക്കപ്പട്ടികയിൽ, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ഫറോക്ക് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് രോഗിയുമായി അടുത്തിടപഴകിയ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ 22 പേരെ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് റെസ്പോൺസ് ടീമിനെ (RRT) സജ്ജമാക്കിയിട്ടുണ്ട്.

തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ അടിയന്തര യോഗം ചേർന്നു. സമ്പർക്കപ്പട്ടികയിലുള്ള 22 പേരിൽ 9 പേർ രോഗിയുടെ വീട്ടുകാരും തൊട്ടടുത്ത വീടുകളിലുള്ളവരുമാണ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശം ലഭിച്ചാൽ രോഗബാധിത പ്രദേശങ്ങൾ ഉടനടി കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റി നിയന്ത്രണം കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

ഒരാഴ്ച മുൻപാണ് കടുത്ത പനിയെ തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നിപ ലക്ഷണങ്ങൾ പ്രകടമാകുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ യുവാവ് പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും പരിസരങ്ങളിലും സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം കർശന സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രി അധികൃതരും ജീവനക്കാരും പൂർണ്ണ ജാഗ്രതയിലാണ്.

വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങൾ കുടിക്കുന്നതിലൂടെയോ, അവ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ രോഗം പകരാം.

പ്രധാന ലക്ഷണങ്ങൾ:കടുത്ത പനി, ശരീരവേദന, കടുത്ത തലവേദന, ശ്വാസതടസ്സം, ഛർദ്ദി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശരീരത്തിൽ വൈറസ് പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. രോഗികളുമായി സമ്പർക്കമുള്ളവരും ശുശ്രൂഷിക്കുന്നവരും പിപിഇ കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - Nipah again; 22 people in contact list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.