നിമിഷ വധം: ഇങ്ങനെയാണോ സർക്കാർ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചെന്നിത്തല 

തിരുവനന്തപുരം: പെരുമ്പാവൂരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുന്‍പ് ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണക്കടിയില്‍ വെട്ടുകത്തി വെച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു നടന്നത്. അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് അതേ പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ അതേ പോലെ ഹീനമായ മറ്റൊരു കൊലപാതകം നടക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

പിണറായിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അൽപവും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം പല മടങ്ങാണ് വർധിച്ചത്. കാസര്‍കോട് രാത്രിയില്‍ മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്.

കൊച്ചിയില്‍ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്‍റെ പരമ്പര തന്നെ ഉണ്ടായി. സംസ്ഥാനത്ത് സത്രീകള്‍ക്കെന്നല്ല ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. വീടുകള്‍ പോലും സുരക്ഷിതമല്ലെന്ന് വന്നിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 
 

Tags:    
News Summary - Nimisha Murder Case: Ramesh Chennithala Criticise Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.