നിലമ്പൂര്‍: ഒരു പതിറ്റാണ്ടായി യു.ഡി.എഫിന്റെ കൈവശമില്ലാത്ത സീറ്റ് ഇത്തവണ തിരിച്ചുപിടിച്ച് കരുത്ത് തെളിയിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഒമ്പത് വർഷമായി നിലമ്പൂർ നേരിടുന്ന വികസന മുരടിപ്പ് തിരുത്തും. എ.ഐ.സി.സി മത്സരിക്കാന്‍ ഒരവസരം കൂടി തന്നതില്‍ സന്തോഷമുണ്ട്. ഇത് വ്യക്തിപരമായി ലഭിച്ചതല്ല. മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയും പിന്തുണയില്‍ ഐക്യത്തോടെ മത്സരിച്ച് വിജയം ഉറപ്പാക്കും.
പിതാവ് ആര്യാടന്‍ മുഹമ്മദ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. സ്ഥാനാര്‍ഥി ആരായിരുന്നാലും വിജയിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. നേതാക്കള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാകുമുണ്ടാകുക. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. കവളപ്പാറ ദുരിതബാധിതരുടെയും ആദിവാസിമേഖലയുടെയും സമഗ്ര വികസനം നടപ്പിലാക്കും. വന‍്യജീവിശല‍്യമുൾപ്പെടെയുള്ള മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സി.പി.എം മണ്ഡലം തല യോഗം ചൊവ്വാഴ്ച നിലമ്പൂരിൽ ചേരും. വൈകീട്ട് നാലിന് ഏരിയ കമ്മിറ്റി ഓഫിസിലാകും യോഗം. സംസ്ഥാന-ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളും ബൂത്ത് തല ചുമതലയുള്ള ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തേക്കും.
പഞ്ചായത്ത്, ബൂത്ത് തല കൺവെൻഷനുകളും അനുബന്ധ പ്രചാരണ പ്രവർത്തനങ്ങളുമാകും ചർച്ച ചെയ്യുക. കരട് രൂപരേഖ നേരത്തേ തയാറാക്കിയിരുന്നു. ഇതിന് യോഗത്തിൽ അന്തിമ രൂപം നൽകും. തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ല സെക്രട്ടറി വി.പി. അനിൽ അറിയിച്ചു. സി.പി.എം സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കും. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പി. ഷബീർ, ജില്ല പഞ്ചായത്ത് അംഗം വഴിക്കടവ് ഡിവിഷൻ അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.