നിലമ്പൂർ തോൽവി; കാരണങ്ങൾ പലത്, എം.വി. ഗോവിന്ദന്‍റെ ആർ.എസ്.എസ് പരാമർശത്തിൽ സെക്രട്ടേറിയറ്റിൽ വിമർശനം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ തോല്‍വിയെ കുറിച്ച് ചർച്ച ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. താളപ്പിഴയുണ്ടായതായും വൻ വോട്ടു ചോർച്ച സംഭവിച്ചതായും പൊതു അഭിപ്രായം ഉയർന്നു. 

വർഗീയ ശക്തികളുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു എന്ന് യോഗത്തിൽ വിമർശനം ഉയർന്നു. എളമരം കരീമും പി. രാജീവുമാണ് വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പരാമർശം നടത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. പരാജയത്തെ കുറിച്ച് ശരിയായ വിലയിരുത്തൽ ഇല്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഓർമിപ്പിച്ചു. വിവിധ പരാജയ കാരണങ്ങൾ യോഗത്തിൽ ചർച്ചയായി. ഭരണ വികാരം ഉണ്ടായിട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. പി.വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്ന സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലും  ചർച്ചയായി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകാതിരുന്നതും പൂർണമായി അവഗണിച്ചതും വോട്ട് ചോർച്ചയ്ക്ക് കാരണമായി എന്നും പാർട്ടി വിലയിരുത്തി. 

നിലമ്പൂരിൽ പാർട്ടിയുടെ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രധാന വിമർശനം. എം.സ്വരാജിന്റെ വ്യക്തി പ്രഭാവത്തിനു മുന്നിലും പാർട്ടിക്ക് പരാജയം രുചിക്കേണ്ടി വന്നത് ക്ഷീണമായി.

സ്വന്തമായി സ്വരാജ് വോട്ടുകൾ പിടിച്ചെങ്കിലും ഫലമുണ്ടായില്ല. പി.വി. അൻവറിന് എൽ.ഡി.എഫിന്റെ വോട്ടുകൾ ചോർന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് ആര്യാടൻ ഷൗക്കത്തിനെ തുണച്ചത്. സി.പി.എമ്മിനോടു യുദ്ധം പ്രഖ്യാപിച്ചു പുറത്തുപോയ അൻവറിന് പാർട്ടിയുടെ പരമ്പരാഗത വോട്ടു പോയത് ഗൗരവത്തോടെ പരിശോധിക്കണം.

എൽ.ഡി.എഫ് അനുകൂല പഞ്ചായത്തുകളിൽ പോലും വോട്ട് ചോർന്നത് ഗൗരവമായി കാണും. പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്നും നാളെയുമാണ് സംസ്ഥാന കമ്മിറ്റി യോഗം. നിലമ്പൂരില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളിൽ ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം നേടിയപ്പോള്‍ 37.88ശതമാനമാണ് എം. സ്വരാജിന് നേടാനായത്. എൽ.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവിഹിതം ഉയര്‍ത്തുകയും ചെയ്തു. 

Tags:    
News Summary - Nilambur defeat; Many reasons, M.V. Govindan's RSS remark draws criticism in the secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.