നിലമ്പൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ നേതാക്കൾ പലരും പലരെയും കാണുമെന്നും അതൊന്നും വല്യ ഇഷ്യൂ ആക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
‘അത്തരം കൂടിക്കാഴ്ചകളിൽ ചിലത് വലിയ വാർത്തയാകും, മറ്റു ചിലത് വാർത്തയാകാതെ സാധാരണ മീറ്റിങ്ങായി മാറും. യു.ഡി.എഫ് വലിയൊരു മുന്നണിയാണ്. അവിടെ തീരുമാനമെടുക്കുന്നത് എല്ലാവരും കൂടിച്ചേർന്നാണ്. അല്ലാതെ, ഏതെങ്കിലും തരത്തിൽ ആരെങ്കിലും വ്യക്തിപരമായി ആരെയെങ്കിലും പോയി കണ്ട് നടത്തുന്ന ചായ ചർച്ചകളിലൂടെയല്ല’ -ചാനൽ ചർച്ചയിൽ സന്ദീപ് വാര്യർ പറഞ്ഞു.
‘സ്വാഭാവികമായി ഒരു തെരഞ്ഞെടുപ്പിൽ ഒരു നാട്ടിൽ പോയാൽ അവിടെ പരിചയമുള്ളവർ തമ്മിൽ കണ്ടിരിക്കും. അത് സ്വാഭാവികം മാത്രം. അതൊന്നും ഇത്ര ഇഷ്യൂ ആക്കേണ്ട കാര്യമില്ല. യു.ഡി.എഫിന്റെ നിലപാട് പ്രതിപക്ഷ നേതാവ് അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധം വെച്ച് അൻവറിനെ കാണുന്നതിൽ ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യം ഉണ്ടെന്ന് കരുതുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ഏതെങ്കിലും വിഷയം കിട്ടണം. അതിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ നെഞ്ചത്ത് കയറിക്കളയാമെന്ന് കരുതുന്നു. ഈ വിഷയം കഴിയുമ്പോൾ അടുത്ത വിഷയം കിട്ടും. മാധ്യമങ്ങൾ അതിലേക്ക് പോകും, അത്രമാത്രം. രാഹുലിനോടുള്ള ചോദ്യങ്ങൾക്ക് രാഹുൽ തന്നെ കൃത്യമായി വിശദീകരിച്ച് മറുപടി നൽകിയിട്ടുണ്ട്. അത് ശരിയായ നടപടിയല്ലെന്ന് യു.ഡി.എഫ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അൻവർ കാണാൻ പാടില്ലാത്ത ഒരാളാണെന്ന് ആരും പറയുന്നില്ല. എന്നാൽ, ഇപ്പോൾ കണ്ട സമയവും സന്ദർഭവും ശരിയായില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്’ -സന്ദീപ് വാര്യർ വ്യക്തമാക്കി.
‘രാഹുൽ അൻവറിനെ കണ്ടത് അത്ര വലിയ വിഷയമൊന്നുമല്ല. ഇനി പത്തിരുപത് ദിവസം എന്തൊക്കെ ഇഷ്യൂ വരാനിരിക്കുന്നു, എന്തൊക്കെ ചർച്ച ചെയ്യാൻ കിടക്കുന്നു. ഇന്നലെ അങ്ങനെ സംഭവിച്ചുപോയി. സംഭവിച്ചത് ഇനി തിരുത്താൻ പറ്റില്ല. അതുസംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കി. ആ വിഷയം അവിടെ തീർന്നു. ഞങ്ങൾക്ക് അതിനിടയിൽ ഒരു ആശയക്കുഴപ്പവുമില്ല. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി നേതൃത്വവും അണികളും ഗ്രണ്ടിൽ ഇറങ്ങി പ്രവർത്തിക്കുകയാണ്. അതിനിടയിൽ ഇതൊന്നും പ്രസക്തമായ കാര്യമല്ല. രാഷ്ട്രീയത്തിൽ ചിലർ കണ്ടു എന്ന് വരും, കണ്ടില്ല എന്നുവരും, ചിലപ്പോൾ വാർത്തയാകും, മറ്റുചിലപ്പോൾ വാർത്തയാകില്ല. വാതിൽപ്പുറം ചർച്ചകളൊക്കെ വാർത്തയായിക്കഴിഞ്ഞാൽ അല്ലെങ്കിൽ അർധരാത്രി സൂര്യനുദിച്ചാൽ സി.പി.എം നേതാക്കൾ എത്രമാത്രം പ്രയാസപ്പെടും എന്ന് മാത്രം ചിന്തിച്ചാൽ മതി. കേരള രാഷ്ട്രീയത്തിൽ ഇതിനുമുമ്പും ഇത്തരം ചർച്ചകളൊക്കെ നടന്നിട്ടുണ്ടായിരിക്കാം. യു.ഡി.എഫിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ട്. അൻവറുമായുള്ള ചർച്ചയൊക്കെ യു.ഡി.എഫ് അവസാനിപ്പിച്ചതാണ്. രാഹുൽ ചെറുപ്പക്കാരനായ നേതാവല്ലേ? എന്തിനാണ് അദ്ദേഹത്തോട് ഇത്ര ശത്രുത കാണിക്കുന്നത്’ -സന്ദീപ് വാര്യർ ചോദിച്ചു.
രാഹുൽ സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുൽ തന്നെ പറഞ്ഞതായി ഷാഫി പറമ്പിൽ എം.പി പറഞ്ഞു. താൻ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. രാഹുലും മുന്നണി നേതൃത്വവും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ആ വിഷയം അവിടെ അവസാനിച്ചെന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.