‘ഞാൻ പ​​ങ്കെടുക്കാത്ത​ത് പരമാവധി തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയത് മോശം, ഹജ്ജിന് പോയ സാദിഖലി തങ്ങള്‍ കണ്‍വന്‍ഷനില്‍ നിന്നു വിട്ടു നിന്നു എന്നുവരെ വാര്‍ത്ത നല്‍കി’ -ചെന്നിത്തല

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്നലെ സംഘടിപ്പിച്ച യു.ഡി.എഫ് തെര​ഞ്ഞെടുപ്പ് കൺവെൻൻഷനിലെ തന്റെ അസാന്നിധ്യത്തെ കുറിച്ച് തെറ്റായ രീതിയിൽ വാർത്തകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇന്നലെ തന്റെ മണ്ഡലത്തിലെ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉണ്ടായിരുന്നുവെന്നും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ അതില്‍ പങ്കെടുക്കേണ്ടതിനാലാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

‘സ്കൂൾ ഉദ്ഘാടനത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ മന്ത്രിയെ ക്ഷണിച്ചിരുന്നതാണ്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ അതില്‍ പങ്കെടുക്കേണ്ടതിനാലാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. അതിനെ പരമാവധി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തയായി നല്‍കിയത് മോശമായിപ്പോയി. ഇനി പരമാവധി ദിനങ്ങള്‍ നിലമ്പൂരില്‍ ഉണ്ടാകും. ഹജ്ജിനു പോയ സാദിഖലി തങ്ങള്‍ കണ്‍വന്‍ഷനില്‍ നിന്നു വിട്ടു നിന്നു എന്നുവരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി. കോണ്‍ഗ്രസും ഘടകകക്ഷികളും മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് നിലമ്പൂരില്‍. തിരൂരങ്ങാടി തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിക്കു ലഭിച്ച ഭൂരിപക്ഷം നോക്കിയാലറിയാം മലപ്പുറം ജനതയുടെ മതേതരത്വം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ് മുസ്‍ലിം ലീഗ്. ലീഗിന്റെ ചരിത്രം അങ്ങനയാണ്. അന്ന് ആന്റണിയെ ജയിപ്പിക്കാന്‍ പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ലീഗ് കാഴ്ചവെക്കുന്നത്’ -ചെന്നിത്തല പറഞ്ഞു.

‘നിലമ്പൂരിലെ മത്സരഫലത്തില്‍ അശേഷം സംശയമില്ല. ഒമ്പതു വര്‍ഷത്തെ ദുഷിച്ചു നാറിയ ഭരണത്തിനെതിരെ വിധിയെഴുതാനുള്ള ചരിത്രദൗത്യമാണ് നിലമ്പൂരിലെ ജനങ്ങള്‍ക്ക്. അവരത് നിറവേറ്റുക തന്നെ ചെയ്യും. യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത്. കേരളം ഒമ്പതു വര്‍ഷം ഭരിച്ചു മുടിച്ച സര്‍ക്കാരിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പാണ് ഇത്. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. ഇത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണ്. അത് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയും. ഇനി ആരുമായും ചര്‍ച്ചയില്ല. നിലമ്പൂരില ജനങ്ങളുമായി മാത്രമേ ചര്‍ച്ചയുള്ളു. വ്യക്തിപരമായി മറ്റാരെക്കുറിച്ചും പരാമര്‍ശിക്കണ്ട കാര്യവുമില്ല.

തൊഴിലില്ലായ്മ കൊണ്ടു കഷ്ടപ്പെടുന്ന, വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ നിലമ്പൂരിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തടയാന്‍ വേണ്ടതു ചെയ്യണമെന്നാണ്. ഈ തെരഞ്ഞടുപ്പ് കഴിയുന്നതോടു കൂടി പിണറായി സര്‍ക്കാര്‍ ഒരു കാവല്‍ മന്ത്രിസഭ മാത്രമായി തുടരും. ഒരു ഭരണമാറ്റത്തിന്റെ കേളി കൊട്ടാണ് നിലമ്പൂരില്‍ ആരംഭിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയും എംഎല്‍എയും ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നു.

മലയോര മേഖലയിലെ ജനങ്ങള്‍ ഇത്ര കഷ്ടതയനുഭവിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല. എല്ലാ ദിവസവും ഒരാളെയെങ്കിലും ആന ചവിട്ടി കൊല്ലുകയാണ്. ഇതുവരെ വന്യജീവി നിയമം ഭേദഗതി ചെയ്യെണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പെട്ടെന്ന് കാബിനറ്റ് കൂടി കേന്ദ്രത്തെ സമീപിക്കാന്‍ പോകുന്നു. ഇതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും.

മലപ്പുറത്തുകാരെ വഞ്ചകന്മാര്‍ എന്നാണ് പിണറായി വിളിച്ചത്. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വര്‍ണക്കടത്തുകാരുടെ ജില്ല എന്ന അപകീര്‍ത്തികരമായ വാര്‍ത്ത ഹിന്ദു ദിനപ്പത്രത്തില്‍ കൊടുത്തു. ജില്ലയിലെ മതേതരവാദികളായ ജനങ്ങളെ വര്‍ഗീയയ വല്‍കരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിവിടെ ചിലവാകാന്‍ പോകുന്നില്ല. ഇവിടുത്തെ കുട്ടികള്‍ കോപ്പിയടിച്ചു പരീക്ഷ പാസാകുന്നുവെന്നാണ് പണ്ട് വി.എസ് പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കണം’ -ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - nilambur by election 2025: ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.