നിലമ്പൂർ: അധികാരവും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് നിങ്ങളിലേക്ക് അഭിമാനത്തോടെ തലയുയർത്തി ഇറങ്ങിവന്നവനാണ് താനെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. അധികാരി വർഗത്തിന്റെ അരുതായ്മകളെ ചോദ്യം ചെയ്തതുകൊണ്ടുമാത്രം ഒറ്റപ്പെട്ടുപോയവനാണ് താനെന്നും എന്നും ഈ നാടിനു വേണ്ടിയാണ് ശബ്ദമുയർത്തിയതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഫേസ്ബുക്കിലാണ് അൻവറിന്റെ കുറിപ്പ്.
ഇന്ന് നിങ്ങളുടെ ഏവരുടെയും അനുഗ്രഹത്തോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നേരുള്ള നിലമ്പൂരിനായി അനേകം പ്രവർത്തകരുടെ അകമ്പടിയോടെയും മറ്റനേകം മനുഷ്യരുടെ പ്രാർത്ഥനാപൂർവമായ പിന്തുണയോടെയും കൂടിയായിരുന്നു പത്രിക സമർപ്പണം. ഓട്ടോതൊഴിലാളികളുടെയും മലയോര കർഷകരുടെയും വഴിയോര കച്ചവടക്കാരുടെയും പ്രതിനിധികളും വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ. സുകുവും അടക്കം നിലമ്പൂരിലെ സാധാരണക്കാരായ അനേകം ജനങ്ങളും സാക്ഷികളായിരുന്നു.
അധികാരവും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് നിങ്ങളിലേക്ക് അഭിമാനത്തോടെ തലയുയർത്തി ഇറങ്ങിവന്നവനാണ് ഞാൻ. അധികാരി വർഗത്തിന്റെ അരുതായ്മകളെ ചോദ്യം ചെയ്തതുകൊണ്ടുമാത്രം അവരിൽ ഒറ്റപ്പെട്ടുപോയവനാണ് ഞാൻ. ഞാൻ എന്നും ശബ്ദമുയർത്തിയത് ഈ നാടിനു വേണ്ടിയാണ്.
നിങ്ങൾക്കേവർക്കും വേണ്ടിയാണ്. അധികാരികളുടെ കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽ അധികാരത്തണലിൽ എനിക്ക് ഇപ്പോഴും സുഖമായി കഴിയാമായിരുന്നു. എന്റെ നീതിബോധം എന്നെ അതിനു അനുവദിച്ചില്ല. അനീതികളോട് കലഹിച്ചുകൊണ്ടാണ് ഞാൻ വളർന്നത്.
ഏതു സിംഹാസനങ്ങൾക്കു മുന്നിലും നട്ടെല്ലുവളക്കാതെ പൊരുതിനിന്നുതന്നെയാണ് എന്നും ശീലം. നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പൊരുതാൻ സമാനമനസ്കരോട് ചേർന്നുനിൽക്കാൻ തന്നെയാണ് കരുതിയതും. ഭരണ പ്രതിപക്ഷ അവിശുദ്ധകൂട്ടുകെട്ടുകളുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തിയതിനാൽ ഞാൻ അവർക്കുകൂടി ശത്രുവായി.
പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
ഞാൻ ഇവിടെ മത്സരിക്കണം ഈ നാടിനെ നയിക്കണം എന്ന നിങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് ഒരിക്കൽ കൂടി മത്സരരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്നലെകളിൽ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന പോലെ നാളെയും ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളോട് പാഴ് വാക്ക് പറഞ്ഞിട്ടില്ല ഇന്നുവരെ.
ഇത് വെറും വാക്കല്ല. നാളിതുവരെ നിങ്ങളോടൊപ്പമുണ്ടായിരുന്ന എന്റെ ഉറച്ച വാക്കാണ്.
നമ്മൾ ഈ നിലമ്പൂരിന്റെ മണ്ണിൽ നിന്നും എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളെയും തകർത്ത് വിജയം വരിക്കും. എന്റെ ശക്തി നിങ്ങളാണ്, നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഈ നാട്ടിലെ നിങ്ങൾ ഓരോരുത്തരും...!
സ്നേഹത്തോടെ,
(പി.വി അൻവർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.