മലപ്പുറം: വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. കുറെ ദിവസങ്ങളായി തന്നെ ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച അൻവർ, കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്ന് കുറ്റപ്പെടുത്തി.
വി.എസ്. അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. ബി.ജെ.പിയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു ഇംഗ്ലീഷ് പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നാണ് മുഖ്യമന്ത്രി ഇന്റർവ്യൂവിൽ പറഞ്ഞത്. ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ എൻ.ആർ.സി, സി.എ.എ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചു. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചില്ല. മുനമ്പം വിഷയത്തിൽ അവിടെയുള്ളവരെ എൽ.ഡി.എഫ് സർക്കാർ വഞ്ചിച്ചു.
പിണറായി ആദ്യം വഞ്ചിച്ചത് വി.എസ് അച്യൂതാനന്ദനെയാണെന്ന് അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്തുകാർ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും വഞ്ചിച്ചു. പി.എസ്.സി നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു. ക്രൈസ്തവ സമുദായത്തെയും മുനമ്പത്തുകാരെയും വഞ്ചിച്ചു. വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. അധിക നികുതി ചുമത്തി വ്യാപാരികളെ വഴിയാധാരമാക്കി. പൂട്ടികിടക്കുന്ന എത്രയെത്ര കടകളാണിന്ന് നാട്ടിലിന്നുള്ളത്. പ്രവാസികളെ ഇതാ, കേരളം അമേരിക്കയാണെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുവന്നു. പിന്നീട് അവരെ തിരിഞ്ഞു നോക്കിയില്ലെന്നും അൻവർ പറഞ്ഞു.
മറുനാടൻ ഷാജനുമായി എനിക്ക് വ്യക്തിപരമായി പ്രശ്നമില്ല. എന്നാൽ, ഇപ്പോൾ സമുദായങ്ങൾ തമ്മിലടിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്. നാല് കോടിയോളം രൂപയാണ് മറുനാടൻ സ്വന്തമാക്കുന്നത്. സമുദായങ്ങൾ തമ്മിലടിപ്പിച്ച് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുകയാണ് മറുനാടൻ. ഈ വിഷയം ഞാൻ എം.ആർ. അജിത് കുമാറുമായി സംസാരിച്ചു. എന്നാൽ, നടപടിയില്ല. എന്നെ വഞ്ചകനെന്ന് വിളിക്കുന്ന മുഖ്യമന്ത്രി സ്വയം വിലയിരുത്തണമെന്നും അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.