പെരിന്തൽമണ്ണ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയുടെ മുഴുവൻ പത്രികകളും തള്ളിയതായി വ്യാജപ്രചാരണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന ഇന്നാണ് നടന്നത്. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ അപൂര്‍വ ത്രിപാഠി തള്ളിയിരുന്നു. ബാക്കി 18 പത്രികകൾ സ്വീകരിച്ചു. ഇതിൽ ചില സ്ഥാനാർത്ഥികൾ രണ്ട് നാമനിർദ്ദേശ പത്രികകൾ നൽകിയിരുന്നു. അതൊഴിവാക്കി 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി മൂന്ന് സെറ്റ് പത്രിക നൽകിയതിൽ രണ്ടെണ്ണം സ്വീകരിച്ചിട്ടുണ്ട്. ഒന്ന് തള്ളുകയും ചെയ്തു. ഇതാണ് എസ്.ഡി.പി.ഐയുടെ പത്രിക തള്ളി എന്ന രീതിയിൽ തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നൽകിയ പത്രക്കുറിപ്പിൽ സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ) എന്ന പേര് തള്ളിയ പത്രികകളുടെ കൂട്ടത്തിലും സാദിഖ് നടുത്തൊടി (സ്വതന്ത്രൻ) എന്ന പേര് സ്വീകരിച്ച പത്രികകളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ഇത് തിരുത്തി സ്വീകരിച്ചവരുടെ പട്ടികയിൽ സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) എന്ന പേര് ഉൾപ്പെടുത്തി പുതിയ പത്രക്കുറിപ്പ് ഇറക്കി.
ഷൗക്കത്തലി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സി.പി.എം), മോഹന്‍ ജോര്‍ജ് (ബി.ജെ.പി), ഹരിനാരായണന്‍ (ശിവസേന), എന്‍. ജയരാജന്‍ (സ്വതന്ത്രന്‍), പി.വി. അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ.കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി. രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി. സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ).
സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ), പി.വി. അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി.എം. ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ. കെ. പത്മരാജന്‍ (സ്വതന്ത്രന്‍), എം. അബ്ദുല്‍ സലീം (സി.പി.ഐ.എം).
തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) കേരള കൺവീനറായ പി.വി അൻവർ ടി.എം.സി സ്ഥാനാർഥിയായി നൽകിയ പത്രിക അപൂർണമായതിനാൽ തള്ളി. സ്വതന്ത്ര സ്ഥാനാർഥിയായി നൽകിയ പത്രിക സ്വീകരിച്ചു. രണ്ടു സെറ്റ് പത്രിക അൻവർ നൽകിയിരുന്നു. കേരളത്തിൽ ടി.എം.സി തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികകയിൽ ഇല്ലാത്തതാണ് പത്രിക തള്ളാൻ കാരണമായത്. വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്. പി.വി. അൻവറും സൂക്ഷ്മ പരിശോധനക്ക് എത്തിയിരുന്നു.
നിലമ്പൂര്‍ മണ്ഡലം വരണാധികാരിയും പെരിന്തല്‍മണ്ണ സബ്കലക്ടറുമായ അപൂര്‍വ ത്രിപാഠി, ഉപവരണാധികാരിയും നിലമ്പൂര്‍ തഹസില്‍ദാറുമായ എം. പി സിന്ധു, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു. നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്നു വരെയാണ്. ഇതിനുശേഷം അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.