ന‍്യൂനപക്ഷം കൂടുതലായതിനാലാണ് മലപ്പുറം ജില്ല വരുന്നതിനെ യു.ഡി.എഫ് എതിർത്തത് -എ. വിജയരാഘവൻ

നിലമ്പൂർ: മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ നിലപാടെടുക്കുകയും അതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ചെയ്തത് ആര‍്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ന‍്യൂനപക്ഷ ജനവിഭാഗമാണ് മലപ്പുറത്ത് കൂടുതൽ എന്നതിനാലാണ് ജില്ല വരുന്നതിനെ യു.ഡി.എഫ് എതിർത്തത്. എന്നാൽ, സമൂഹത്തിന്റെയും ഒരു ജനതയുടെയും താൽപര‍്യം നോക്കിയാണ് ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപവത്കരിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വായിൽ വരുന്നതെല്ലാം വിളിച്ചുപറഞ്ഞ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയമായി സംസാരിക്കുന്നതിനു പകരം വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അതൊന്നും കേരളത്തിൽ വിലപ്പോകില്ല. അസത‍്യം പ്രചരിപ്പിച്ച് നേട്ടംകൊയ്യാൻ നോക്കുകയാണ് വി.ഡി. സതീശൻ. അദ്ദേഹത്തിന് വിവരമുണ്ട്, പക്ഷേ അത് വളഞ്ഞ് പോവുന്നു. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ആഹ്ലാദിക്കുകയാണ് വി.ഡി. സതീശൻ. കേരളത്തിൽ ഒന്നിലധികം പ്രതിപക്ഷനേതാക്കളുണ്ട്. അതിന്‍റെ സമ്മർദം മൂലമാണ് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്നത്.

കേന്ദ്രസർക്കാർ കാണിക്കുന്ന കേരളവിരുദ്ധ നിലപാടിനെക്കുറിച്ച് യു.ഡി.എഫിന് ഒന്നും പറയാനില്ല. എം. സ്വരാജിന്‍റെ സ്ഥാനാർഥിത്വത്തോടെ നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര‍്യം ഉടലെടുത്തതിനാൽ യു.ഡി.എഫ് ആശങ്കയിലാണ്.

പി.വി. അൻവറിനെ വാഗ്ദാനങ്ങൾ നൽകി അടർത്തിയെടുത്ത് രാജിവെപ്പിച്ചു. തെരഞ്ഞെടുപ്പ് വന്നപ്പോൾ അൻവറിനെ യു.ഡി.എഫ് തെരുവിലാക്കിയെന്നും വിജയരാഘവൻ പറഞ്ഞു.

മലപ്പുറം വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി -വി.ഡി. സതീശൻ

നിലമ്പൂർ: മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതര ആരോപണമുന്നയിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപ‍ക്ഷനേതാവ് വി.ഡി. സതീശൻ. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് കുറിപ്പ് കൊടുത്തു. അതിനു പിന്നാലെ മുഖ്യമന്ത്രി ‘ദ ഹിന്ദു’ പത്രത്തിന് അഭിമുഖവും നല്‍കി.

ഇതിനു പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടായിരുന്നെന്നും വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഘ്പരിവാറും സി.പി.എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണ്. ഈ അവിശുദ്ധ ബാന്ധവം മൂലമാണ് സ്ഥാനാർഥി വേണ്ടെന്ന് ബി.ജെ.പി ആദ്യം തീരുമാനിച്ചത്. നിലമ്പൂരില്‍ എല്‍.ഡി.എഫ് പ്രചാരണം നയിക്കുന്ന എ. വിജയരാഘവനും മലപ്പുറത്തെ അപമാനിക്കുന്ന നിരവധി പ്രസ്താവനകളാണ് നടത്തിയത്. പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ? ഹൈവേക്കെതിരെ സമരം ചെയ്തവരെ വിജയരാഘവൻ തീവ്രവാദികളാക്കി.

നിര്‍മാണ കമ്പനികളുമായി സംസ്ഥാന സര്‍ക്കാറിലെ ചിലര്‍ക്ക് ബന്ധമുള്ളതിനാലാണ് ദേശീയപാത തകര്‍ന്നതില്‍ ആര്‍ക്കും പരാതിയില്ലാത്തത്. ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണം. ആറേഴ് മാസം പെന്‍ഷന്‍ നല്‍കാതിരുന്നവര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അത് നല്‍കുന്നത്. അതാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുറച്ചത് ക്രൂരതയാണ്. നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - nilambur by election 2025: A Vijayaraghavan says congress stood against malappuram district formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.