പ്രതീകാത്മക ചിത്രം
ഈരാറ്റുപേട്ട: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുന്ന സംഘത്തെക്കുറിച്ച് വെളിപ്പെടുത്തി ഇതര സംസ്ഥാന യുവതി. സംഭവത്തിൽ തമിഴ്നാട് സ്വദേശി രാജ, വാഗമൺ പുള്ളിക്കാനം സ്വദേശി അർജുൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുന്‍റെ സഹോദരീ ഭർത്താവാണ് രാജ. അസം സ്വദേശിനിയായ 22കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം.
ഒന്നര വയസ്സുകാരിയുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെ ഗർഭഛിദ്രത്തിന് ഭർത്താവും വീട്ടുകാരും നിർബന്ധം പിടിച്ചു. ഇതോടെ യുവതി വീട് വിട്ടുപോകാൻ നിർബന്ധിതയായി. സന്നദ്ധ സംഘടനയുടെ സഹായത്തോടെ താമസസ്ഥലം കണ്ടെത്തിയ യുവതി കുട്ടിയെ ദത്ത് നൽകാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. തുടർന്ന് കാർത്തിക് എന്ന് പേരുള്ളയാൾ അർഷിവ് കെയർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ബന്ധപ്പെടുകയായിരുന്നു. യുവതിയുടെ സ്കാനിങ് റിപ്പോർട്ട് പരിശോധിച്ച ഇയാൾ കേരളത്തിലേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും നൽകി. തുടർന്ന് കോട്ടയത്തെത്തിയ യുവതി ഈരാറ്റുപേട്ടയിലേക്ക് ബസിൽ വരുകയും അവിടെനിന്ന് ഓട്ടോറിക്ഷയിൽ തീക്കോയിയിലെത്തിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് റബർ തോട്ടത്തിലെ വീട്ടിൽ പാർപ്പിക്കുകയുമായിരുന്നു. തീക്കോയി സ്വദേശി ജോസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീട്.
കസ്റ്റഡിയിലായവർ ഈ വീട് വാടക്കെടുത്തതാണ്. വേറെയും ഗർഭിണികളായ യുവതികൾ വീട്ടിലുണ്ടായിരുന്നതായി അസം സ്വദേശിനി പറഞ്ഞു. ഇവരിൽ ഒരാൾ പ്രസവശേഷം കുഞ്ഞിനെ കൈമാറി പണം വാങ്ങി മടങ്ങിയെന്നും മറ്റൊരു യുവതിയുടെ കുഞ്ഞിന് സ്കാനിങ് റിപ്പോർട്ടിൽ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് പറഞ്ഞുവിട്ടെന്നും യുവതി പറയുന്നു. കുഞ്ഞിനെ കിട്ടിയ ശേഷം തന്നെ വിൽക്കാനാണ് പദ്ധതിയെന്ന് മനസ്സിലാക്കിയ യുവതി ഫോണും രേഖകളും തിരികെ വാങ്ങി. വീട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചതോടെ മർദിച്ച് ഇറക്കിവിടുകയായിരുന്നു. തുടർന്ന് യുവതി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കണ്ടാലറിയുന്ന എട്ടു പേർക്കെതിരെയാണ് പരാതി. പാലാ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.