2024ൽ പുതിയ പാഠപുസ്തകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങൾ 2024-25 അധ്യയന വർഷത്തിൽ നിലവിൽവരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലായിരിക്കും പുതിയ പുസ്‌തകങ്ങൾ. 2025ൽ മറ്റ് ക്ലാസുകളിലുമെത്തും. രണ്ടുഘട്ടത്തിൽ പരിഷ്കരണം പൂർത്തിയാക്കും.

പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവൻ ക്ലാസുകളിലും 17ന്‌ കുട്ടികളുടെ ചർച്ച നടത്തും. ഇതിനായി ഒരു പിരീഡ്‌ വിനിയോഗിക്കും. കുട്ടികളുടെ അഭിപ്രായം തേടാൻ ഓരോ വിഷയത്തിലും പ്രത്യേകം ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്‌. കുട്ടികളുടെ അഭിപ്രായങ്ങൾ സ്‌കൂൾ അധ്യാപകർ സ്വരൂപിച്ച്‌ ബി.ആർ.സികളിലേക്ക്‌ കൈമാറും. ഇവ ക്രോഡീകരിച്ച്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ ചുക്കാൻ പിടിക്കുന്ന എസ്‌.സി.ഇ.ആർ.ടിക്ക് നൽകും.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള 26 ഫോക്കസ് ഗ്രൂപ്പുകൾ തയാറാക്കുന്ന പൊസിഷൻ പേപ്പറുകൾ ഈ മാസം 30നകം പൂർത്തിയാക്കും. ഡിസംബർ 31നകം കരട് പാഠ്യപദ്ധതി ചട്ടക്കൂട്‌ രൂപവത്കരിക്കും. 2023 ജനുവരിയിൽ ഇതിനെ അടിസ്ഥാനമാക്കിയുള്ള മേഖലതല സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കും.

2023 മാർച്ച് മുതൽ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. 2023 ഒക്ടോബറിൽ ഒന്നാം ഘട്ടം പൂർത്തിയാക്കി അംഗീകാരത്തിനുശേഷം അച്ചടിക്കായി നൽകുമെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി നിർദേശങ്ങൾ സമർപ്പിക്കാൻ കൈറ്റ് ഒരുക്കിയ ടെക്‌ പ്ലാറ്റ്‌ഫോം മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ലോകത്തെവിടെനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും www.kcf.kite.kerala.gov.in പ്ലാറ്റ്‌ഫോമിലേക്ക്‌ സമർപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

സയൻസ് സിലബസിൽ കുറവ് വരുത്തും; മാനവിക വിഷയങ്ങളിൽ മാറ്റമില്ല

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി ഹയർ സെക്കൻഡറി സിലബസിൽനിന്ന് ഒഴിവാക്കിയ സയൻസ് പാഠഭാഗങ്ങൾ കേരളത്തിലും ഒഴിവാക്കുന്നു.

ഈ പാഠഭാഗങ്ങൾ ഒഴിവാക്കിയാകും പ്ലസ് വൺ, പ്ലസ് ടു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ തയാറാക്കുക. ഇതുവഴി സയൻസ് വിദ്യാർഥികൾക്ക് പഠനഭാരം കുറയും. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി മാസങ്ങൾക്ക് മുമ്പ് ശിപാർശ സമർപ്പിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നില്ല. പാഠഭാഗങ്ങൾ കുറക്കുന്നത് പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

എന്നാൽ മാനവിക വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി നടത്തിയ വെട്ടികുറക്കൽ കേരളം അംഗീകരിക്കില്ല. ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി സിലബസിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ പാഠഭാഗങ്ങൾ തുടർന്നും പഠിപ്പിക്കാനാണ് കേരളത്തിന്‍റെ തീരുമാനം.

കോവിഡ് പശ്ചാത്തലവും പഠനഭാര ലഘൂകരണവും ആവർത്തനവും പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതെങ്കിലും ചില നിക്ഷിപ്ത താൽപര്യങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹികശാസ്ത്ര വിഷയങ്ങളിൽ. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് നിക്ഷിപ്ത താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - New text book from 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.