തിരുവനന്തപുരം: സംസ്ഥാനത്തെ പുനരുപയോഗ ഊർജ മേഖലയിൽ നിർണായകമാകുന്ന ചട്ടഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പ് ചൊവ്വാഴ്ച ആരംഭിക്കും. സോളാർ വൈദ്യുതോൽപാദകരുടെ കടുത്ത വിയോജിപ്പിനും പ്രതിഷേധത്തിനുമിടയിലാണ് റെഗുലേറ്ററി കമീഷൻ ഓൺലൈൻ തെളിവെടുപ്പ് തുടങ്ങുന്നത്. ഓൺലൈനിൽ മാത്രമാക്കാതെ നേരിട്ടുള്ള തെളിവെടുപ്പ് വേണമെന്ന് സൗരോർജ ഉൽപാദകർ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ സോളാർ മേഖലയിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ നടത്തിപ്പുകാരും സൗരോർജ ഉൽപാദകരും കമീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും നടത്തി. തെളിവെടുപ്പിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കാമെന്ന ഉറപ്പാണ് കമീഷൻ നൽകിയതെങ്കിലും കരട് ചട്ടത്തിൽ കാര്യമായ പൊളിച്ചെഴുത്തിന് സാധ്യതയില്ലെന്ന ആശങ്ക സോളാർ ഉൽപാദകർക്കുണ്ട്. ഇതിനിടെ വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനും ശ്രമമുണ്ട്. വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകി. സോളാർ മേഖലയെ തകർക്കുന്ന കരട് നയങ്ങൾ നടപ്പാക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സോളാർ ഉൽപാദകർക്ക് ലാഭകരമായ നിലവിലെ നെറ്റ് സംവിധാനം പരിമിതപ്പെടുത്താനുള്ള നീക്കം കെ.എസ്.ഇ.ബിക്ക് ലാഭമുണ്ടാക്കാനാണെന്ന ആരോപണം ശക്തമാണ്. സൗരോർജ ഉൽപാദന മേഖലയുടെ വളർച്ചയടക്കം എല്ലാ വശങ്ങളും പരിശോധിക്കുകയും അത് സംസ്ഥാനത്തെ ഊർജമേഖലയെ ആരോഗ്യകരമായ രീതിയിലേക്ക് നിലനിർത്തുകയും ചെയ്യുന്ന വിധമുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് റെഗുലേറ്ററി കമീഷൻ വാദം.
നേരത്തെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് തെളിവെടുപ്പിൽ പങ്കെടുക്കാനാകുക. ചൊവ്വ മുതൽ വെള്ളി വരെ നിശ്ചയിച്ച തെളിവെടുപ്പിൽ ബുധനാഴ്ചത്തേത് പൊതു പണിമുടക്കിന് തുടർന്ന് ഈ മാസം 16 ലേക്ക് മാറ്റിയിട്ടുണ്ട്. ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരെ ഹിയറിങ് തീയതി, സമയം, ലിങ്ക് എന്നിവ ഇ-മെയിൽ / വാട്സ് ആപ് മുഖേന അറിയിക്കും. കമീഷന്റെ യൂട്യൂബ് (www.youtube.com/@keralaerc) മുഖേന പൊതുതെളിവെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിങ്ങും ഉണ്ടായിരിക്കും. രേഖാമൂലമുള്ള അഭിപ്രായങ്ങൾ ജൂലൈ 14 വരെ സ്വീകരിക്കുമെന്ന് കമീഷൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.