തിരുവനന്തപുരം: ടെക്നോപാർക്കിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് തയാറാക്കിയ ജി-റൈഡ് ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഒരേ റൂട്ടിൽ യാത്രചെയ്യുന്ന ഐ.ടി പ്രഫഷനലുകളെ പരസ്പരം ബന്ധിപ്പിക്കുകയും ഒന്നിച്ചുസഞ്ചരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത. ഏറ്റവും സൗകര്യപ്രദമായ മാർഗമെന്ന നിലക്ക് ഐ.ടി പ്രഫഷനലുകളിൽ നല്ലൊരു ശതമാനം സ്വന്തം വാഹനങ്ങളിലാണ് ജോലിക്കുവരുന്നത്. ഇതിൽ 90 ശതമാനം വാഹനങ്ങളിലും ഒരാൾ മാത്രമാണ് ഉണ്ടാവുക. എന്നാൽ, സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും വാഹനം ഷെയർ ചെയ്യാമെന്ന് വരുന്നതോടെ വണ്ടികളുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.
നാല് വാഹനങ്ങളുടെ സ്ഥാനത്ത് ഒരെണ്ണമായി ചുരുങ്ങുന്നതോടെ ഗതാഗതപ്രശ്നവും പാർക്കിങ് ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുമെന്നതിനൊപ്പം മലിനീകരണവും കുറക്കാം. ഐ.ടി കമ്പനികളിലെ ജീവനക്കാർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക എന്നതും സഹയാത്രികർ ആരൊക്കെ എന്നത് മുൻകൂട്ടി അറിയാൻ കഴിയുമെന്നതും ജി--റൈഡിെൻറ സുരക്ഷ സംവിധാനങ്ങളാണ്. വികസനപ്രവർത്തനങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും ഡിജിറ്റൽ സങ്കേതങ്ങളുടെ വിന്യാസം വ്യാപകമാക്കുമെന്ന് ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വികസനത്തിെൻറ ഗതിയും വേഗവും നിർണയിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യക്ക് നിർണായക സ്വാധീനമുണ്ടെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, ജി-ടെക് ചെയർമാൻ കെ. നന്ദകുമാർ, യു.എസ്.ടി ഗ്ലോബലിലെ സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ ലക്ഷ്മി മേനോൻ, ജി-ടെക് വൈസ് ചെയർമാൻ അലക്സാണ്ടർ വർഗീസ്, സെക്രട്ടറി വിജയ്കുമാർ, രഞ്ജിത് രാമാനുജം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.