പുതിയ ഭൂമി പതിവ് ചട്ട ഭേദഗതി: പട്ടയ ഉടമയുടെ ഭൂമിയിലെ അവകാശം സർക്കാർ കവർന്നെടുക്കുന്നു, വാണിജ്യ മേഖലക്ക് വൻ ബാധ്യത, ഭൂമിക്ക് മൂല്യത്തകർച്ച നേരിടും

തിരുവനന്തപുരം: പുതിയ ഭൂമി പതിവ് ചട്ട ഭേദഗതി കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. പട്ടയ ഭൂമിയിൽ 60 വർഷമായി നിർമിക്കപ്പെട്ട കെട്ടിടങ്ങളാണ് വൻ പിഴയൊടുക്കി ക്രമവൽക്കരിക്കേണ്ടി വരുന്നത് എന്ന് പലർക്കും അറിയാത്ത കാര്യം.

കേരളത്തിൽ 1960 ൽ ഉണ്ടായ ഭൂ പതിവ് നിയമം അനുസരിച്ച് പതിച്ചു കൊടുത്തിട്ടുള്ള ഭൂമിയുടെ ഉടമസ്ഥരെയും അവരുടെ പിന്തുടർച്ചക്കാരെയും അവരിൽ നിന്ന് വിലക്കുവാങ്ങിയ കൈവശക്കാരായവരെയും ഉൾപ്പെടെ വാണിജ്യ ആവശ്യത്തിന് കെട്ടിടങ്ങൾ നിർമിച്ച കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണ് 2023ലെ പട്ടയ നിയമ ഭേദഗതിയും പുതിയ ചട്ടങ്ങളും.

വാണിജ്യ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന പല പട്ടണങ്ങളും ഇത്തരം വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പതിച്ചു കൊടുത്ത ഭൂമിയിലാണ് നിലനിൽക്കുന്നതെന്നത് അതിന്റെ ഉടമസ്ഥർക്ക് പോലും അറിയില്ല. അതുകൊണ്ടുതന്നെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ ക്രമവൽക്കരണം വളരെ സങ്കീർണമായ പ്രശ്നമായി മാറും.

വാണിജ്യ-വ്യവസായ നിർമിതികൾ ഭൂമിയുടെ ന്യായവിലയുടെ ശതമാന കണക്കിനുള്ള തുകയടച്ച് ക്രമവത്കരിക്കണം എന്നാണ് ചട്ടത്തിൽ പറഞ്ഞിട്ടുള്ളത്. നിലവിൽ മാർക്കറ്റ് വിലയേക്കാൾ കൂടിയ ന്യായവില രേഖപ്പെടുത്തിയ പല പ്രദേശങ്ങളിലും കേരളത്തിലുണ്ട്.

ഭാവിയിൽ ജീവനോപാധിക്ക് വേണ്ടിയുള്ള കെട്ടിടങ്ങളാണെന്ന്‌ സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിടം നിർമിക്കാൻ അനുവദിക്കുമെന്ന്‌ പറയുന്നതിലൂടെ പട്ടയ ഉടമയുടെ ഭൂമിയിലുള്ള അവകാശം സർക്കാർ കവർന്നെടുത്തിരിക്കുകയാണ്. ഇത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കുന്നതാണ്.

1960ൽ ഉണ്ടാക്കിയ, യാതൊരുവിധ ന്യൂനതയുമില്ലാത്ത പട്ടയ നിയമത്തിന്റെ അന്തസത്തതന്നെ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. വ്യാപാര-വ്യവസായ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ പട്ടണപ്രദേശങ്ങളിലെ ഭൂമിപോലും കൃഷിക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്നതായി മാറുകയാൽ വൻ മൂല്യ തകർച്ച നേരിടും. ഇത്തരം ഭൂമി ഈട് വസ്തുവായി ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ള ലക്ഷക്കണക്കായ വ്യാപാരികളും വ്യവസായികളും ജനങ്ങളും ബാങ്കുകളും ഒരുപോലെ പ്രതിസന്ധിയിലാകും.

കർഷകരെയും ഇത് പ്രതികൂലമായി ബാധിക്കും. കർഷകരുടെ കൈവശമുള്ള ഭൂമി പിന്നീട് വാണിജ്യ മൂല്യമുള്ളതായി മാറുന്ന സാഹചര്യം നിയമഭേദഗതിയിലൂടെ തടഞ്ഞിരിക്കുകയാണ്. പുതിയ ചട്ടം വന്നാലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ വലിയ തുക ഫീസ് അടച്ച് ഭൂമി തരം മാറ്റേണ്ടി വരും.

നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ നേരിട്ടും അല്ലാതെയും ഉള്ള തൊഴിൽ മേഖലകൾ പ്രതിസന്ധിയിലാവുകയും ചെയ്യും. വ്യാപാര, വ്യവസായ, ടൂറിസം മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക്‌ നിയന്ത്രണങ്ങൾ വരുന്നതോടെ നികുതി വരുമാനം ഇല്ലാതാവുകയും സർക്കാർ സാമ്പത്തികമായി തകരുകയും ചെയ്യും.

7-6-2024 വരെ നൽകുന്ന പട്ടയങ്ങൾക്ക് മാത്രമെ ഈ നിയമ ഭേദഗതി ബാധകമാകൂ. ശേഷം നൽകുന്ന പട്ടയങ്ങൾ കൃഷിക്ക് മാത്രമായിരിക്കും. ഇനിയും ലഭിക്കാനുള്ള ലക്ഷക്കണക്കിന് പട്ടയങ്ങൾ നിയമത്തിന് പുറത്താകുമ്പോൾ പട്ടയമില്ലാത്ത ധാരാളം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നിയമവിരുദ്ധ നിർമ്മാണമായി മുദ്രയടിക്കപ്പെടും.

നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ മറ്റൊരു നിയമം നിർമിച്ച് നിയമവിരുദ്ധമാക്കുകയും അതിനു പിഴ അടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് സ്വത്തവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വ്യഖ്യാനിക്കപ്പെടുന്നു.

സങ്കീർണതകൾ നിറഞ്ഞതും ജനങ്ങളുടെ മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമായ 2025 ലെ പുതിയ ചട്ടം സർക്കാർ പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നു.

Tags:    
News Summary - New Land Use Act Amendment: Government is taking away the land rights of the title owner, huge liability for the commercial sector, land will face depreciation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.