തിരുവനന്തപുരം: ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഭൂനികുതിദായകരെ നാലു സ്ലാബുകളിലാക്കി നികുതി വര്‍ധനക്ക് ശിപാര്‍ശ. പുതുക്കിയ നികുതി നിര്‍ദേശം അനുസരിച്ച് ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവരുടെ വില്ലേജ് ഓഫിസില്‍ അടയ്ക്കുന്ന ഭൂനികുതി (കരം) ഇരട്ടിയോളമാകും. കോര്പറേഷന് പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളയാള്‍ പ്രതിവര്‍ഷം 1600 രൂപ നികുതിയടയ്ക്കണം. എന്നാല്‍, നാല് സെന്റ് വരെ ഭൂമിയുള്ളവര്‍ക്ക് നികുതി വര്‍ധനയില്ല. സ്ലാബ് കണക്കാക്കി ഭൂനികുതി വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് പുതുക്കിയ നിർദേശം വന്നത്.
8.16 ആര് വരെ (20 സെന്റ്) വരെയാണ് ഒന്നാം സ്ലാബ്. 8.16 മുതല്‍ 20.23 ആര് വരെ (20ന് മുകളില്‍ 50 സെന്റ് വരെ) രണ്ടാം സ്ലാബിലും 20.23 മുതല്‍ 40.47 ആർവരെ (50 സെന്റിന് മുകളില്‍ ഒരേക്കര്‍വരെ) മൂന്നാം സ്ലാബിലും 40.47 ആറിന് മുകളിൽ (ഒരേക്കറിന് മുകളില്‍) നാലാം സ്ലാബിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളില്‍ ഭൂനികുതിയില്‍ വ്യത്യാസമുണ്ട്. നിലവില്‍ ഭൂനികുതി സ്വീകരിക്കാന്‍ രണ്ടു സ്ലാബുകള്‍ മാത്രമാണുണ്ടായിരുന്നത്. ഭൂനികുതി ഇനത്തില്‍ പ്രതിവര്‍ഷം 80 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമീഷണറേറ്റ് തയാറാക്കിയ ശിപാര്‍ശ റവന്യൂ വകുപ്പിന് കൈമാറി.
റവന്യൂ മന്ത്രി കൂടി പരിശോധിച്ചശേഷം ഇത് ധനവകുപ്പിന് കൈമാറും. ധനബില്ലില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുന്നതോടെ നികുതിവര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. 2018 ഏപ്രിലിലാണ് നേരത്തേ ഭൂനികുതി വര്‍ധിപ്പിച്ചത്. കോര്‍പറേഷനില്‍ 1.62 ആര്‍വരെ 10 രൂപയും (ഒരു ആറിന്) 1.62 ആറിന് മുകളില്‍ 20 രൂപയുമാണ് നിലവിലെ നിരക്ക്. മുനിസിപ്പാലിറ്റിയില്‍ 2.43 ആര്‍വരെ അഞ്ചു രൂപയും (ഒരു ആറിന്) 2.43 ആറിന് മുകളില്‍ 10 രൂപയുമാണ് നിരക്ക്. പഞ്ചായത്തില്‍ 8.1 ആര്‍വരെ (ഒരു ആറിന്) 2.50 രൂപയും 8.1 ആറിന് മുകളില്‍ അഞ്ചുരൂപയുമാണ് ഭൂനികുതി.
• 8.16 ആര് ഭൂമിവരെ (20 സെന്റ് വരെ)- ഒരു ആറിന്- കോര്പറേഷന്- 10 രൂപ, മുനിസിപ്പാലിറ്റി- അഞ്ചു രൂപ, പഞ്ചായത്ത്- രണ്ടര രൂപ.
• 8.16 ആര് മുതല്‍ 20.23 വരെ (20 മുതല്‍ 50 സെന്റ് വരെ)- ഒരു ആറിന്- കോര്പറേഷന്- 20 രൂപ, മുനിസിപ്പാലിറ്റി- 10 രൂപ, പഞ്ചായത്ത്- അഞ്ച്.
• 20.23 ആര് മുതല്‍ 40.47 വരെ (50 നുമുകളില്‍ 100 സെന്റ് വരെ)- ഒരു ആറിന്. കോര്പറേഷന്- 30 രൂപ, മുനിസിപ്പാലിറ്റി- 15, പഞ്ചായത്ത് - 7.5.
• 40.47 ആറിന് (ഒരേക്കര്‍) മുകളില്‍ ഒരു ആറിന്- കോര്പറേഷന്- 40, മുനിസിപ്പാലിറ്റി- 20, പഞ്ചായത്ത്- 10 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.