നവ കേരള യാത്ര; കണ്ണൂരിലെ ‘രക്ഷാപ്രവർത്തനത്തിലും’ പുനരന്വേഷണം വരും

കണ്ണൂർ: നവ കേരള സദസ്സിനിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ പഴയങ്ങാടിയിൽ ചെടിച്ചട്ടി കൊണ്ട് ആക്രമിച്ച സംഭവത്തിലും പുനരന്വേഷണം വരുന്നു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെ ആക്രമണം പുനരന്വേഷിക്കാൻ തിങ്കളാഴ്ചത്തെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു. 2023 നവംബറിൽ കണ്ണൂരിലും ആലപ്പുഴയിലുമെല്ലാം ഉണ്ടായ അതിക്രൂരമായ അക്രമണത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് രക്ഷാപ്രവർത്തനം എന്നായിരുന്നു. അന്ന് ഇത് വലിയ ചർച്ചയുമായി.

പഴയങ്ങാടിയിൽ ഒരു സംഘം ഡിവൈ.എഫ്.ഐ പ്രവർത്തകരാണ് യുത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് വെള്ളച്ചാൽ, സഞ്ജു സന്തോഷ്, രാഹുൽ പുത്തൻപുരയിൽ, മഹിത മോഹനൻ എന്നിവരെ ചെടിച്ചട്ടി കൊണ്ട് ആക്രമിച്ചത്. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. അന്ന് സുധീഷിന്റെ തല പൊട്ടുകയും സഞ്ജുവിന്റെ ചെവി തകർന്ന് കേൾവി ശക്തി നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. മറ്റുള്ളവർക്കും പരിക്കേറ്റിരുന്നു. സുധീഷിന്റെ പരാതിയിൽ പിന്നീട് കേസെടുത്ത പഴയങ്ങാടി പൊലീസ് അഞ്ച് ഡിവൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

എന്നാൽ കാര്യമായ അന്വേഷണമൊന്നും നടന്നില്ല. ഇതിനെതിരെ യുത്ത് കോൺഗ്രസ് പല തവണ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. നിലവിൽ യു.ഡി.എഫ് അധികാരമേറ്റ ആദ്യ ദിനം തന്നെ ആലപ്പുഴയിലെ രക്ഷാപ്രവർത്തനം അന്വേഷിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കണ്ണൂർ പഴയങ്ങാടിയിലെ ആക്രമണവും പുനരന്വേഷിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയിട്ടുണ്ട്. പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനനും ആവശ്യപ്പെട്ടു.

Tags:    
News Summary - New Kerala Yatra; Re-investigation will also be conducted in the 'rescue operation' in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.