കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾക്കടക്കം സംസ്ഥാന സർക്കാർ രൂപവത്കരിച്ച ഉപദേശക സമിതിയുടെ വിശദാംശങ്ങൾ തേടി ഹൈകോടതി.
സമിതി അംഗങ്ങൾ, അതിന്റെ പ്രവർത്തനം, മാർഗനിർദേശങ്ങൾ തയാറാക്കാൻ നൽകിയ സമയപരിധി തുടങ്ങിയവയടക്കം കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അവയവ ദാനത്തിന് സന്നദ്ധരായവരും സ്വീകർത്താക്കളും ചൂഷണത്തിനിരയാകുന്നത് തടയാൻ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ട് വൃക്കരോഗം ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ 19കാരനായ മകൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പരോപകാര അവയവദാനവുമായി ബന്ധപ്പെട്ട് സന്നദ്ധർക്കും സ്വീകർത്താക്കൾക്കും പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വെബ് പോർട്ടൽ വേണമെന്നാണ് ഹരജിയിലെ ആവശ്യം. മറുപടി സത്യവാങ്മൂലത്തിലാണ് ഉപദേശക സമിതിയുണ്ടാക്കി 2024 ആഗസ്റ്റ് 24ന് ഉത്തരവിട്ടതായും പുതിയ മാർഗനിർദേശങ്ങൾക്ക് നിർദേശിച്ചതായും സർക്കാർ അറിയിച്ചത്.
ഈ ഉത്തരവ് കോടതിക്ക് ലഭ്യമല്ലെന്ന് പറഞ്ഞ ഡിവിഷൻബെഞ്ച്, തുടർന്നാണ് വിശദാംശങ്ങൾ തേടിയത്. ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാമെന്ന് സർക്കാർ അറിയിച്ചത് രേഖപ്പെടുത്തിയ കോടതി ഹരജി വീണ്ടും ജൂലൈ ഏഴിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.