ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നെന്മാറ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ തടയുന്ന രാഹുൽ
മാങ്കൂട്ടത്തിൽ എം.എൽ.എ
നെന്മാറ: സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങൾക്കു മുന്നിൽ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച നാടിന്റെയാകെ ഉള്ള് പൊള്ളിച്ചു. നെഞ്ചുലക്കുന്ന കാഴ്ചകൾക്കാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗർ സാക്ഷ്യംവഹിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചത്. അച്ഛന്റെയും മുത്തശ്ശിയുടെയും ചേതനയറ്റ മുഖം കാണാനെത്തിയ അതുല്യയെയും അഖിലയെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. നൂറുകണക്കിന് പേരാണ് മൃതദേഹം ഒരു നോക്ക് കാണാൻ ബോയൻ നഗറിലെത്തിയത്. വി.കെ. ശ്രീകണ്ഠൻ എം.പി, കെ. ബാബു എം.എൽ.എ, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നു മണിയോടെ ലക്ഷ്മിയുടെ മൃതദേഹം നെന്മാറ വക്കാവ് ശ്മശാനത്തിലും സുധാകരന്റെ മൃതദേഹം എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിലും സംസ്കരിച്ചു.
നെന്മാറ: കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളും അമ്മ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുമുണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പായതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.