എം.വി. ഗോവിന്ദൻ
കണ്ണൂർ: സി.പി.എം-ബി.ജെ.പി ഡീലെന്ന കോൺഗ്രസ് ആരോപണത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നൊബേൽ സമ്മാനം കിട്ടാനായി ഓരോ ദിവസവും ഓരോ നുണ പറയുന്ന ആളാണ് വി.ഡി സതീശനെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പാലക്കാട് വ്യവസായിയെ സി.പി.എം സ്ഥാനാർഥിയാക്കിയത് ബി.ജെ.പിയെ സഹായിക്കാനാണ് എന്നാണ് വി.ഡി. സതീശൻ ആരോപിച്ചത്. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
110 സീറ്റാണ് ഇടതുപക്ഷം ഉന്നംവെക്കുന്നതെന്നും ഇടതുപക്ഷം മൂന്നാം ടേമിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ പടലപ്പിണക്കവും പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കാനായിട്ടില്ലെന്നും എല്ലാ വികസന പ്രവർത്തനങ്ങളെയും തള്ളിപ്പറഞ്ഞവരാണ് യു.ഡി.എഫെന്നും ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷം കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ ഒരു പങ്കും വഹിക്കാൻ ആയിട്ടില്ല എന്നതാണ് യു.ഡി.എഫ് തെരഞ്ഞടുപ്പിൽ തിരിച്ചടി നേരിടാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ചാനൽ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ഡീൽ ആരോപണം കൂടുതൽ നേതാക്കൾ ഏറ്റെടുത്തതോടെ പ്രതിരോധിച്ചും തിരിച്ചടിച്ചടിച്ചും ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തി. ശോഭ സുരേന്ദ്രന്‍റെ ജനസ്വാധീനം കണ്ട് ഭയന്നാണ് ആരോപണമെന്നും കോൺഗ്രസ് നാണംകെട്ട പാർട്ടിയാണെന്നും പാലക്കാട്ട് ബി.ജെ.പി ജയിക്കുമെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
ഡീല്‍ നടത്തുന്നത് പ്രതിപക്ഷ നേതാവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പിന്തുണച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാലക്കാട് മാത്രമല്ല, മറ്റു സീറ്റുകളിൽകൂടി ഇത്തരം രഹസ്യബാന്ധവം ഉണ്ടെന്നും പറഞ്ഞു. പൂരം കലക്കലും എ.ഡി.ജി.പി -ആർ.എസ്.എസ് കൂടിക്കാഴ്ചയുമടക്കം സി.പി.എമ്മിന് നേരെ നേരത്തേയുണ്ടായ ആരോപണങ്ങളുടെ തുടർച്ചയാണ് കോൺഗ്രസിന്‍റെ പാലക്കാട് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.