ആലപ്പുഴ: പാർട്ടിവിട്ട് ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ പരിഹസിച്ച് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ. മരിക്കുംവരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തതുകൊണ്ടാണ് ജി. സുധാകരൻ പാർട്ടിവിട്ടതെന്ന് എ വിജയരാഘവൻ ആരോപിച്ചു. മരിക്കും വരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി. സുധാകരൻ. അതിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടു, ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ് കരുതുന്നത് എങ്കിൽ വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകും. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ തെറ്റായ വഴിക്കുപോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവൻ പറഞ്ഞു.
സുധാകരൻ വി.ഡി. സതീശന്‍റെയും കെ.സി വേണുഗോപാലിന്‍റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്. ആരോടും വിരോധം പുലർത്തി പാർട്ടി പ്രവർത്തിക്കാറില്ല. പാർട്ടിയെ ദുർബലപ്പെടുത്താൻ തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് ഹീന പ്രവർത്തനം നടത്തിയ അനുഭവമാണെന്നും വിജയരാഘവൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.