പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പിടികൂടിയതറിഞ്ഞ നാട്ടുകാർ നെന്മാറ പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടിയതിനെത്തുടർന്ന് സംഘർഷാവസ്ഥ. രാത്രി 11ഓടെയാണ് സംഭവം. പ്രതിയെ പിടികൂടിയെന്ന വാർത്ത വന്നത് രാത്രി 10.45നാണ്. അതിന് മുമ്പ് മാട്ടായി ഭാഗത്ത് പ്രതിയെ കണ്ടതായി സൂചന ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ തിരച്ചിലിലായിരുന്നു.
തിരച്ചിൽ അവസാനിപ്പിച്ചിരിക്കെയാണ് പ്രതിയെ പിടികൂടി നെന്മാറ സ്റ്റേഷനിലെത്തിച്ച വാർത്തയെത്തുന്നത്. നൂറുകണക്കിന് പേർ ചെന്താമരയെ കാണാനായി സ്റ്റേഷന് മുമ്പിലെത്തി. എന്നാൽ, പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിച്ചില്ല. പ്രതിയെ രഹസ്യമായി പൊലീസ് സ്റ്റേഷനിലെത്തിച്ചതിൽ നാട്ടുകാർ രോഷാകുലരായി. പ്രതിഷേധക്കാർ ചെന്താമരയെ കൈയേറ്റം ചെയ്യുമെന്ന് ഭയന്ന് പൊലീസ് ലാത്തി വീശി. ഒടുവിൽ ഗേറ്റ് പൂട്ടിയിട്ടു.
പൂട്ടിയിട്ട ഗേറ്റ് തള്ളിത്തുറന്നും പ്രതിഷേധക്കാർ അകത്തുവന്നപ്പോൾ വീണ്ടും പൊലീസ് ലാത്തിവീശി. വീണ്ടും തിരിച്ചുവന്നതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് അവരെ അകറ്റാൻ ശ്രമിച്ചു. പ്രതിഷേധമേറുകയല്ലാതെ കുറഞ്ഞില്ല. അരുംകൊലയിലും കൂസലില്ലാതെയാണ് ചെന്താമര സ്റ്റേഷനുള്ളിൽ നിന്നിരുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സ്വന്തം ഭാര്യയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. അതു നടക്കാതെ വന്നതോടെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം 36 മണിക്കൂറിനുള്ളിലാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ചെന്താമരയെ പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്ന് പിടികൂടിയത്. പോത്തുണ്ടി മലയിലായിരുന്ന പ്രതി വിശന്നപ്പോൾ താഴെയിറങ്ങിയതായിരുന്നു.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ ചെന്താമരയെ പോത്തുണ്ടി മലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് കെണിയൊരുക്കിയത്. പ്രതി രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരിക്കാൻ ഇടയില്ലെന്നതും പൊലീസ് കണക്കുകൂട്ടിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതോടെയാണ് ഇയാൾ പോത്തുണ്ടിമലയിൽനിന്ന് വീട്ടിലേക്ക് തിരിച്ചത്. വീടിന് സമീപമെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ പോലും അറിയാതെ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രി 11.15ഓടെ സ്വകാര്യ കാറിൽ നെന്മാറ സ്റ്റേഷനിൽ എത്തിച്ചു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. പ്രതിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അവർ പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാവിലെയാണ് നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അതേസമയം, നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസറെ (എസ്.എച്ച്.ഒ) സസ്പെൻഡ് ചെയ്തു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന എസ്.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.