നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വീട്ടിൽനിന്ന് വിഷക്കുപ്പിയും വടിവാളും കണ്ടെത്തി, തെരച്ചിൽ തുടരുന്നു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വടിവാളും കണ്ടെത്തി. പാതിയൊഴിഞ്ഞ നിലയിലാണ് വിഷക്കുപ്പി ലഭിച്ചത്. പൊലീസ് ചെന്താമരയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പിയും വടിവാളും കണ്ടെത്തിയത്. ചെന്താമരയ്ക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴ് സംഘമായിട്ടാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡും തെരച്ചിലിനുണ്ട്. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്.

വിഷം കഴിച്ച ശേഷം ചെന്താമര കാട്ടിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അതല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂർ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചു.

നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ മീനാക്ഷിയെയും മകന്‍ സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ൽ പ്രതി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

കേസിൽ പിടിയിലായതിന് ശേഷം ജയിലിൽ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികൾ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ഡിസംബർ 29ന് നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Nenmara double murder: Poison bottle and machete found in Chentamara's house, search continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.