പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അയൽക്കാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. എല്ലാം ചെയ്തത് ഒറ്റക്കാണെന്നും തന്നെ ശിക്ഷിച്ചോളൂവെന്നും ഇയാൾ മജിസ്ട്രേറ്റിനോട് പറഞ്ഞു. 14 ദിവസത്തേക്ക് പ്രതിയെ ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത ദിവസം തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ ആവശ്യപ്പെടും.
തന്നെ നൂറ് വർഷമെങ്കിലും ജയിലിലടക്കൂവെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞത്. മകൾ എൻജിനീയറാണ്. മരുമകൻ ക്രൈംബ്രാഞ്ചിലാണ്. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ല. എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞു. അടുത്ത മാസം 12 വരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയാണിതെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊല നടത്തിയതിൽ പ്രതിക്ക് പശ്ചാത്താപമില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ചെന്താമര അതിവിദഗ്ധനായ ക്രിമിനലാണെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാർ നേരത്തെ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. മലയുടെ മുകളിൽ മറഞ്ഞിരുന്ന് പൊലീസിന്‍റെ നീക്കങ്ങളെല്ലാം ഇയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്.പി പറഞ്ഞിരുന്നു.
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ ചെന്താമര. രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ഇയാൾ ജനുവരി 27ന് രാവിലെയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. പൊലീസ് നാട്ടുകാരുമായി ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് ഇയാൾ വീട്ടിലേക്കെത്തുന്ന വഴിയിൽ വെച്ച് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.