മുന്നാക്ക സംവരണം: നവോത്ഥാന സമിതിയിൽ കലാപം; കെ.പി.എം.എസും വെള്ളാപ്പള്ളിയും പങ്കെടുത്തില്ല

തിരുവനന്തപുരം : നവോത്ഥാന സമിതിയിൽ കലാപം തുടങ്ങി. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസും സമിതി ചെയർമാനായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.  കൺവീനർ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും യോഗത്തിൽ നിന്ന് വിട്ടുനിന്നെന്നാണ് സൂചന.

സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സംവരണ ജാതി വിഭാഗങ്ങൾ ആശങ്കയിലാണ്. അവരെ വിശ്വാസത്തിലെടുക്കാനോ അതിനൊരു പരിഹാരം നിർദ്ദേശിക്കാനോ ഇടതുസർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിട്ടു നിന്നവർ പറയുന്ന കാരണം. മുന്നാക്ക സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട സംവരണ വിഭാഗങ്ങളുമായി ചർച്ച പോലും സർക്കാർ നടത്തിയിട്ടില്ല.

അതേ സമയം നവോത്ഥാന സമിതിയെ ഇടതു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. പട്ടികജാതി പിന്നോക്ക സംഘടനയുടെ സാന്നിധ്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.പി.എം.എസ് നേതൃത്വം വിലയിരുന്നു. അതിനാൽ സംവരണ കാര്യത്തിൽ സർക്കാർ വ്യക്തമായി നിലപാട്​ സ്വീകരിക്കാതെ സർക്കാരിനൊപ്പം നിൽക്കേണ്ടിതില്ലെന്നാണ് കെ.പി.എം.എസ് നേതൃത്വത്തിൻെറ നിലപാട്.

അതിനാൽ സംഘടനാ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് കെ.പി.എം.എസ് നവോത്ഥാന സമിതിയുടെ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത്. മുന്നോക്ക സംവരണ വിഷയത്തിൽ വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിക്കും അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗവും കെ.പി.എം.എസ് നേതൃത്വവും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കേരളയാത്രയിൽ എല്ലായിടത്തും സംഭാഷണം നടത്തിയ മുന്നോക്ക സമുദായ വിഭാഗം മുഖ്യമന്ത്രി യോഗം വിളിച്ച ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. മുന്നോക്ക സംവരണം കൊടുത്തിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വരുമ്പോൾ എൻ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്താനും തീരുമാനിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിനോട് ഒപ്പംനിന്ന് ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ.പി.എം.എസ് യോഗത്തിൽ നിന്ന വിട്ടുനിന്നത് സമിതിയുടെ പ്രവർത്തനത്തിന് തിരിച്ചടിയാവും. മുഖ്യമന്ത്രി കേരളയാത്രയുടെ തുടർച്ചയെന്ന നിലയിലാണ് നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. അതിലാകട്ടെ പ്രധാനപ്പെട്ട രണ്ട് സാമുദായിക സംഘടനകൾ പങ്കെടുത്തില്ലെന്നത് നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ പ്രധാനമാണ്.

തെരഞ്ഞെടുപ്പിൽ ദലിത്  -ആദിവാസി സംഘടനകൾ ഭൂപ്രശ്നവും മുന്നാക്ക സംവരണവും ഉയർത്തി സ്വന്തം മാനിഫെസ്റ്റോ ഇരു മുന്നണികൾക്കും മുന്നിൽ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇടതു സർക്കാരിൻെറ കാലത്ത് പട്ടികജാതി -വർഗ വകുപ്പുകളിൽ വൻ അഴിമതിയാണ് നടന്നതെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻെറയും എ.ജിയുടെ റിപ്പോർട്ടുകളും ഉയർത്തിക്കാട്ടിയേക്കും. വിദേശകമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കണമെന്ന് നിയമോപദേശം ലഭിച്ചിട്ടും സർക്കാർ ഒരിഞ്ച് മുന്നോട്ട് ചലച്ചിട്ടില്ലെന്നതും വിഷയമാക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.