പി.പി ദിവ്യ, നവീൻ ബാബു
കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ പ്രത്യേക പൊലീസ് സംഘം നടത്തുന്ന അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി.
കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി തീർപ്പാകും വരെ പൊലീസ് സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാലും കോടതിക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ഇടക്കാല ആവശ്യം നിരസിച്ചത്.
ഹരജി പരിഗണിക്കവേ ഇത് ആത്മഹത്യക്കേസല്ലേയെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനെന്നും കോടതി ഹരജിക്കാരിയോട് ആരാഞ്ഞു. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നുമായിരുന്നു മറുപടി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചല്ലോയെന്ന കോടതിയുടെ ചോദ്യത്തിന് സി.പി.എം ജില്ല കമ്മിറ്റി അംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ പൊലീസിൽനിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടർ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മറുപടി.
ലോക്കൽ പൊലീസിലുള്ള പലരെയും ചേർത്താണ് പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കിയത്. പ്രോട്ടോകോൾ പ്രകാരം പ്രതിയെക്കാൾ താഴെയുള്ള ഇൻസ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്.
സി.പി.എം ജില്ല കമ്മിറ്റി അംഗമായ പ്രതി ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം, കരിക്കുലം കമ്മിറ്റി അംഗം, കുടുംബശ്രീ മിഷൻ ഭരണസമിതി അംഗം, ജില്ല ആസൂത്രണസമിതി ചെയർപേഴ്സൻ എന്നീ പദവികളും വഹിക്കുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
കേസ് ഡയറിയും റിപ്പോർട്ടും ലഭിച്ചശേഷം വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി ഹരജി വീണ്ടും ഡിസംബർ ആറിന് പരിഗണിക്കാൻ മാറ്റി.
തൊടുപുഴ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.ബി.ഐ. എന്നത് അവസാന വാക്കല്ല. സി.ബി.ഐ അന്വേഷണത്തിൽ സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്നും അദേഹം തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്വേഷണം സംബന്ധിച്ച് കോടതി കേസ് ഡയറി പരിശോധിച്ച് പറയട്ടെയെന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒരു ഘട്ടത്തിലും സി.പി.എം ജമാ അത്തെ ഇസ്ലാമിയുമായോ എസ്.ഡി.പി.ഐയുമായോ കൂട്ട് കൂടിയിട്ടില്ലെന്നും അദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.
ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കും സി.പി.എം എതിരാണ്. സാമൂഹ്യ പെൻഷൻ അനർഹമായി കൈപ്പറ്റിയവർക്കെതിരെ കർശന നടപടി എടുക്കട്ടെയെന്നും സർക്കാർ ജീവനക്കാരിലും കള്ള നാണയങ്ങൾ ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.