കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ ആ പ്രസംഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. അക്കാര്യം താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും കോടതിക്കുമാണ് ഉത്തരവിലൂടെ ഒരു കേസ് സിബിഐ അന്വേഷണത്തിന് വിടാനുള്ള അധികാരമുള്ളത്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. കോടതി പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ എല്ലാം പരിശോധിക്കുകയും അതിൽ തൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം എന്ന ആവശ്യം തിരസ്കരിക്കുകയുമാണ് ഉണ്ടായത്. അതിനുശേഷമാണ് സർക്കാരിന്റെ ഈ തീരുമാനം വന്നിട്ടുള്ളത്. ഏത് ഏജൻസി അന്വേഷിച്ചാലും അന്വേഷണം നീതിപൂർവ്വം ആയിരിക്കണം’ -അദ്ദേഹം പറഞ്ഞു.
‘എല്ലാറ്റിനും അവസാന വാക്കല്ല സിബിഐ. നേരത്തെ കോടതി തന്നെ നിരവധി തവണ കൂട്ടിലിട്ട തത്തയെ പോലെയാണ് സിബിഐ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്താണെങ്കിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനായി സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നത് നമ്മൾ കണ്ടുവരികയാണ്. അതാണ് കെജരിവാളിനെ കള്ളകേസിൽ കുടുക്കാൻ ഇടയാക്കിയത്. രാഹുൽ ഗാന്ധിയെയും സോണിയഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി മണിക്കൂറുകൾ ചോദ്യം ചെയ്തതും ഏറ്റവും ഒടുവിൽ പിണറായി വിജയനെ വേട്ടയാടാൻ വേണ്ടി ഇഡി രംഗത്തിറങ്ങിയതും എല്ലാം നമ്മൾ കണ്ടുവരുന്ന കാര്യമാണ്. ഏത് ഏജൻസി അന്വേഷിച്ചാലും അന്വേഷണം നീതിപൂർവ്വം ആയിരിക്കണം’ -ജയരാജൻ പറഞ്ഞു.
സിബിഐ വരുന്നതിൽ സിപിഎം ഏതെങ്കിലും തരത്തിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ‘സിബിഐ ആയാലും ഇഡി ആയാലും മറ്റ് അന്വേഷണ ഏജൻസികൾ ആയാലും അന്വേഷണം നീതിപൂർവ്വം ആയിരിക്കണം. രാഷ്ട്രീയ വേട്ടക്കുള്ള ഉപകരണമായി മാറാൻ പാടില്ല. രാഷ്ട്രീയ വേട്ടക്കായി കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് നമ്മുടെ അനുഭവം’ -എന്നായിരുന്നു മറുപടി.
ആത്മഹത്യ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് സി.പി.എം സ്ഥാനാർഥി ആയി മത്സരിച്ചത് ചൂണ്ടിക്കാട്ടി കുടുംബം അതൃപ്തി പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു’ എന്നാണ് ജയരാജൻ പ്രതികരിച്ചത്. ‘പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് സി.ബി.ഐ അന്വേഷണം എന്ന ആവശ്യം കോടതി നിരാകരിച്ചത്. കോടതിക്കും കേന്ദ്രസംസ്ഥാന സർക്കാറുകൾക്കുമാണ് ഒരു കേസ് സിബിഐക്ക് റഫർ ചെയ്യാനുള്ള അവകാശമുള്ളത്. അതിൽ കോടതി നേരത്തെ ഈ കാര്യം പരിശോധിച്ചതാണ്. ഇനി സർക്കാർ ഉത്തരവ് വഴി സിബിഐ അന്വേഷണം പരിഗണിച്ചാൽ നീതിപൂർവ്വമായ അന്വേഷണമായി ആയിരിക്കണം നടത്തേണ്ടത്. സിബിഐ അന്വേഷണം വേണ്ട എന്ന് കോടതിയാണ് ഉത്തരവിറക്കിയത്. നമുക്ക് കോടതിയെ വിശ്വാസത്തിൽ എടുക്കാം.
കുറ്റാരോപിതരായ ആളുകൾക്ക് നീതിതേടി നിയമപരമായ കാര്യങ്ങൾ പരിശോധിക്കാനും നിയമപരിരക്ഷ നേടാനും അവകാശമുണ്ട്. തീർച്ചയായും നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരവും ദുഃഖകരവുമാണ്. അതിൽ നമ്മളെല്ലാം ആ കുടുംബത്തോടൊപ്പമായിരുന്നു. സ്വാഭാവികമായും ആ കുടുംബത്തിന് നീതി വേണം എന്ന കാഴ്ചപ്പാടിൽ ആ കുടുംബത്തിന് പരാതി കൊടുക്കാം. കോടതിയെ സമീപിക്കാം. അവർ നേരത്തെ കോടതിയെ സമീപിച്ചപ്പോൾ സിബിഐ അന്വേഷണം വേണ്ട, പൊലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് കോടതി അന്നെടുത്ത തീരുമാനം. അതുകൊണ്ട് ആ കുടുംബത്തിന് വീണ്ടും പരാതി കൊടുക്കാം. അതുപോലെതന്നെ ഒരു കാര്യമാണ് കുറ്റാരോപിതരായ വ്യക്തിക്ക് കുറ്റം തെളിയുന്നതുവരെ തന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയെ സമീപിക്കാൻ നിയമപരമായി അവകാശമുണ്ട്.
സിപിഎമ്മിനെ വേട്ടയാടാൻ ആണല്ലോ ഇഡിയെ അന്വേഷണം ഏൽപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ കാണാൻ പോയത്. ആ വേട്ടയാടൽ അവർക്ക് തന്നെ വിനയായില്ലേ. 2022 ജൂൺ, ജൂലൈ മാസങ്ങളിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോൾ ബാംഗ്ലൂരിലും ഹൈദരാബാദിലും ഗോഹട്ടിയിലും കേരളത്തിലും വാഹനം കത്തിക്കൽ, ആംബുലൻസ് ആക്രമിക്കൽ അടക്കമുള്ള അക്രമ സമരങ്ങൾ നടത്തിയവർ സിപിഎമ്മിനെ വേട്ടയാടാൻ വേണ്ടിയാണല്ലോ നിൽക്കുന്നത്’ -ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.