വിദ്യാർഥികളുടെ ചാർജിളവ് കൂടി കണക്കിലെടുത്താണ് നേരത്തെ മറ്റുള്ളവർക്ക് കൂടിയ ബസ് ചാർജ് നിശ്ചയിച്ചതെന്ന് നാറ്റ്പാക്

കോട്ടയം: കേരളത്തിൽ ബസ് നിരക്ക് നിശ്ചയിക്കുന്നത് ബസുകളിൽ സൗജന്യ നിരക്കിൽ യാത്ര അനുവദിക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്താണെന്ന് നാറ്റ്പാക് റിപ്പോർട്ട്.

കൊറോണക്കു മുൻപ് കേരളത്തിലെ ഓർഡിനറി ബസ് യാത്രക്കൂലി കിലോമീറ്ററിന് 70 പൈസയായിരുന്നു. 2020 ജൂലൈ രണ്ടിന് ഇതു 90 പൈസയാക്കി വർധിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.വി. രവീന്ദ്രൻ നായർ കമ്മീഷൻ 2003 ഡിസംബറിൽ നൽകിയ റിപ്പോർട്ടിന്റെ 49ാം പേജിൽ എങ്ങനെയാണ് മിനിമം യാത്രക്കൂലി നിശ്ചയിക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കിലോമീറ്റർ യാത്രക്കൂലിയെ മിനിമം ചാർജിനുള്ള ദൂരംകൊണ്ടു ഗുണിക്കുന്ന തുകയായിരിക്കണം മിനിമം ചാർജെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കൃത്യമായി നിർണ്ണയിക്കാനാവില്ലെങ്കിലും ഈ ഫോർമുലയുടെ അടിസ്​ഥാനത്തിലായിരിക്കണം ഓർഡിനറി, ഫാസ്റ്റ് അടക്കമുള്ളവയുടെ മിനിമം കൂലി നിശ്ചയിക്കേണ്ടതെന്ന കമ്മീഷൻ റിപ്പോർട്ട് സംസ്​ഥാന സർക്കാർ അംഗീകരിച്ചിരുന്നു.

അതിനുശേഷം സ്വകാര്യ ബസ്​ വ്യവസായത്തെപ്പറ്റി വിശദമായ പഠനം നടത്താൻ സംസ്​ഥാന സർക്കാർ നാറ്റ്പാക്കിനെ നിയോഗിച്ചിരുന്നു. 2012 ജനുവരിയിൽ നാറ്റ്പാക്ക് നൽകിയ റിപ്പോർട്ടിൽ കേരളത്തിലെ ഓർഡിനറി ബസുകളിലെ ഉയർന്ന മിനിമം യാത്രക്കൂലി അത്തരം ബസുകളിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ യാത്രയിൽ നിന്നുണ്ടാകുന്ന നഷ്ടം നികത്താനാണെന്ന് വ്യക്തമാക്കിയിരുന്നു.

നാറ്റ്പാകിന്റെ റിപ്പോർട്ടിൽ നിന്ന്

കോറോണക്കാലത്തു ഓർഡിനറി യാത്രക്കൂലി കിലോമീറ്ററിന് 90 പൈസയാക്കി കൂട്ടുകയും. മിനിമം ചാർജിനു യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്റർ ആക്കി കുറക്കുകയും ചെയ്തു. അന്നുവരെ മിനിമം ചാർജ് നൽകി അഞ്ചു കിലോമീറ്റെർ സഞ്ചരിക്കാമായിരുന്നു. അങ്ങനെ നോക്കിയാൽ 2.25 രൂപയേ മിനിമം ചാർജുവരാവൂ . അതിന്റെ സ്​ഥാനത്താണ് 8 രൂപ വാങ്ങുന്നത്. ഒരു ബസിന്റെ മുഴുവൻ പ്രവർത്തന ചിലവും കണക്കാക്കിയാണ് നാറ്റ്പാക് പിസ്കോ എന്ന സൂചിക തയ്യാറാക്കിയിട്ടുള്ളത്. 2021 ജൂലൈ വരെ പിസ്കോ ​കിലോമീറ്ററിന് 5256 പൈസയായിരുന്നു. ഡീസലിന് 96.47 രൂപാ വിലയുള്ളപ്പോൾ നിശ്ചയിച്ചതാണ് പുതിയ പിസ്കോ. 60 യാത്രക്കാരുള്ള ബസിൽ 5256 പൈസാ വരുമാനം കിട്ടണമെങ്കിൽ കിലോമീറ്റർ യാത്രക്കൂലി 88 പൈസയായിരിക്കണം.

ഈ കണക്കിലും 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം നിരക്ക് ഈടാക്കാവുന്നത് 2.20 രൂപ മാത്രമാണ്. എട്ടു രൂപയിൽ ബാക്കി 5.80 രൂപ  വിദ്യാർഥി കൺസഷൻ അടക്കമുള്ളവ വഴിയുണ്ടാകുന്ന നഷ്​ടത്തിന് പരിഹാരമായിയാത്രക്കാർ നൽകുന്നതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള വിദ്യാർഥി കൺസഷനിൽ മാറ്റം വന്നാൽ യാത്രാക്കൂലിയിലും ഇളവ് നൽകേണ്ടി വരും.

Tags:    
News Summary - NATPAC says the bus fare has offset the loss of concessions given to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.