കണ്ണീരായി റിഫ; മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമം

കാക്കൂർ(കോഴിക്കോട്): ദുബൈയിൽ മരിച്ച വ്ലോഗറും ആൽബം താരവുമായ പാവണ്ടൂർ ഈന്താട് റിഫ ഷെറിന്റെ (റിഫ മെഹ് നു) മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും. അമ്പലപ്പറമ്പിൽ റാഷിദ് - ഷെറീന ദമ്പതികളുടെ മകൾ റിഫ ഷെറിനെ ചൊവ്വാഴ്ചയാണ് മരിച്ചനിലയിൽ കണ്ടത്. വീണുമരിച്ചു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

തിങ്കളാഴ്ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകൻ ഹസാൻ മെഹ്നുവുമായും വിഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നൽകിയാണ് ഫോൺ വെച്ചത്. സന്തോഷത്തിന്റെ രാവ് പുലർന്നത് പക്ഷേ ദുഃഖ വാർത്തയുമായാണ്. ചൊവ്വാഴ്ച ദുബൈയിലുള്ള ബന്ധുക്കൾ മുഖേന വീട്ടുകാരെ തേടിയെത്തിയത് മരണ വാർത്ത. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു.

ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു.

ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനൽ എന്ന പേരിലാണ് വ്ളോഗ് ചെയ്തിരുന്നത്.

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്ക്കാരങ്ങൾ, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങൾ. ഭർത്താവ് മെഹനാസും നിരവധി സംഗീത ആൽബം ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി ബുർജ് ഖലീഫയിൽ എത്തിയതിന്റെ വിഡിയോ റിഫ ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - native village cant believe rifa mehnus death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.