വടക്കാഞ്ചേരി പീഡനം: ദേശീയ വനിതാ കമീഷൻ കേസെടുത്തു; രാധാകൃഷ്ണനെതിരെ സമൻസ്

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമീഷന്‍ കേസെടുത്തിരിക്കുന്നത്.

ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെതിരെ കമീഷന്‍ സമന്‍സ് അയച്ചു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സമന്‍സ് അയച്ചത്. കേസില്‍ ആരോപണ ധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. ഈ ചട്ടം ലംഘിച്ച കെ. രാധാകൃഷ്ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിതാകമീഷന്‍ കത്തയച്ചിട്ടുണ്ട്.

വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി  കെ. രാധാകൃഷ്ണനെതിരെ കേസെടുക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളദേവി മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അനുചിതവും ലജ്ജാകരവുമാണ്. വിഷയത്തില്‍ ഹൈകോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. വിഷയം ശ്രദ്ധയില്‍പെട്ടതോടെ തൃശൂര്‍ ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.

ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസിന്‍െറ ഉത്തരവ്. കൂട്ടമാനഭംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ഉന്നതര്‍ ശ്രമിച്ചെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണ് കമീഷന്‍ ഇടപെട്ടത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഡി.ജി.പി സമര്‍പ്പിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

 

Tags:    
News Summary - national womens commision register case on wadakkanchery gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.