ലേബർ കോഡ്: ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോൺക്ലേവിൽ പങ്കെടുക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. തൊഴിൽ നിയമ വിദഗ്ധർ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ തൊഴിൽനിയമ പരിഷ്കാരമെന്നാണ്​ പ്രധാനമന്ത്രി പുതിയ ലേബർ കോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്​. ജീവനക്കാർക്കുള്ള വേതന വ്യവസ്ഥയിൽ പരിഷ്കരണം നിർദേശിക്കുന്ന കോഡ്​ ​ഓൺ വേജസ്​, വ്യവസായ സ്ഥാപനങ്ങളിൽ നടപ്പിൽ ​വരുത്തേണ്ട വ്യവസായബന്ധ നിയമം, തൊഴിലാളികളു​ടെ സാമൂഹിക സുരക്ഷ പ്രതിപാദിക്കുന്ന കോഡ്​ ഓൺ സോഷ്യൽ സെക്യൂരിറ്റി, തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സംബന്ധിച്ച ഒക്യുപേഷനൽ സേഫ്​റ്റി, ഹെൽത്ത്​ ആൻഡ്​ വർക്കിങ്​ കണ്ടീഷൻസ്​ കോഡ്​ എന്നിവയാണ്​ പുതിയ തൊഴിൽ നിയമമായി പുനഃസംവിധാനിച്ചിരിക്കുന്നത്​.

തൊഴിലാളികൾക്ക്​ കൂടുതൽ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയും അതേസമയം വ്യവസായികൾക്കും സംരംഭകർക്കും പ്രവർത്തനം അയത്നലളിതമാക്കുകയും ചെയ്യുക എന്ന ദ്വിമുഖ സമീപനമാണ്​ ഇതിൽ സ്വീകരിച്ചിരിക്കുന്നത്​ എന്നാണ്​ ഗവൺമെന്‍റിന്‍റെ അവകാശവാദം.

എന്നാൽ, തൊഴിലാളികളുടെ ഇത്രനാളത്തെ അവകാശങ്ങൾ കവരുകയും വൻകിട കോർപറേറ്റുകളുടെ വാഴ്ച സുഗമമാക്കുകയുമാണ്​ സർക്കാർ എന്ന് പ്രതിപക്ഷവും വിവിധ തൊഴിലാളി യൂനിയനുകളും ​​രൂക്ഷവിമർശനം ഉയർത്തുന്നു. ​ദേശീയതലത്തിൽ തൊഴിലാളി യൂനിയനുകളുടെ പൊതുവേദി 26ന്​ ബുധനാഴ്ച പ്രതിഷേധ സമരത്തിന്​ ആഹ്വാനം ചെയ്തിരിക്കുകയാണ്​.

കോളനിവാഴ്ചക്കാലത്തെ നിയമങ്ങളിൽനിന്ന് സ്വതന്ത്രമായി രാജ്യത്തെ വ്യവസായികൾക്കും ഉൽപാദകർക്കും പ്രവർത്തനസൗകര്യം (ഈസ്​ ഓഫ്​ ഡൂയിങ്​ ബിസിനസ്) ഒരുക്കുകയാണ്​ കോഡിന്‍റെ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഒന്നിലധികം രജിസ്ട്രേഷനുകളും ലൈസൻസുകളും റിട്ടേണുകളും ആവശ്യമായ നിലവി​ലെ സാഹചര്യം മാറ്റി, ഒറ്റ രജിസ്​ട്രേഷൻ, പാൻ ഇന്ത്യ സിംഗിൾ ലൈസന്‍സ്​, ഒറ്റ റിട്ടേൺ എന്നിവയിലൂടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ്​ പുതിയ നിയമം. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട്​ തൊഴിലാളികളുടെ സംഘാടനം, പ്രതി​ഷേധം, സമരം എന്നിവക്കും നിയമത്തിൽ മാറ്റങ്ങൾ നിർദേശിക്കുന്നു.

എല്ലാതരം തൊഴിലാളികൾക്കും നിയമന രേഖ​, ദിവസക്കൂലിക്കാർ അടക്കമുള്ളവർക്ക്​ സാമൂഹികസുരക്ഷ പദ്ധതി, സാർവത്രികമായ പി.എഫ്​.ഇ, ഇ.എസ്​.ഐ.സി, ഇൻഷുറൻസ്​ ആനുകൂല്യങ്ങൾ, എല്ലാ തൊഴിലാളികൾക്കും നിയമാനുസൃത മിനിമം വേതനം, 40 വയസ്സിനു മുകളിലുള്ളവർക്ക്​ സൗജന്യ വാർഷികാരോഗ്യ പരി​ശോധന, രാത്രി ഷിഫ്​റ്റുകളിൽ സ്ത്രീകൾക്ക്​ മതിയായ സുരക്ഷയിൽ തൊഴിൽ അനുമതി തുടങ്ങിയ പരിഷ്കാരങ്ങൾ ഗവൺമെന്‍റ്​ എടുത്തുകാട്ടുന്നു.

Tags:    
News Summary - National Labour Conclave to be held in Thiruvananthapuram on December 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.