ഐ.എസ് കേസ്: 14 പേര്‍ പോയത്   അഫ്ഗാനിലെ നങ്കര്‍ഹാറിലേക്കെന്ന് എന്‍.ഐ.എ 

കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 14 പേര്‍ പോയത് ഐ.എസ് ശക്തികേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാറിലേക്കെന്ന് എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് തെക്കേ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് എന്ന റാഷിന്‍െറ (30) നേതൃത്വത്തിലാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് എന്‍.ഐ.എ പറയുന്നത്. റാഷിദ്, ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (29), ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യാസ്മിന്‍ മുഹമ്മദ് എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് യുവാക്കളടക്കമുള്ളവരെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്.

റാഷിദിനും ഭാര്യക്കും പുറമെ കാസര്‍കോട് കാവുന്തല സ്വദേശി മുഹമ്മദ് സാജിദ് കുതിരുമ്മല്‍ (25), പടന്ന വടക്കേപുറം സ്വദേശി മുര്‍ഷിദ് മുഹമ്മദ് (24), തൃക്കരിപ്പൂര്‍ തട്ടഞ്ചേരി സ്വദേശി മര്‍വാന്‍ എന്ന മുഹമ്മദ് മര്‍വാന്‍ ബക്കര്‍ (24), പടന്ന സ്വദേശി ഹഫീസുദ്ദീന്‍ (24), തെക്കേ തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാന്‍ (25), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വാല്‍ സ്വദേശി ഷംസിയ കുറിയ (25), ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ് (26), തെക്കേ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് (27), പടന്ന സ്വദേശി ഡോ.ഇജാസ് (33), ഇജാസിന്‍െറ ഭാര്യ റഫീല (26), ഇജാസിന്‍െറ സഹോദരന്‍ ഷിഹാസ് (25), ഷിഹാസിന്‍െറ ഭാര്യ അജ്മല (24) എന്നിവര്‍ നങ്കര്‍ഹാറിലുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. 

2015 ജൂലൈയില്‍ തുടങ്ങിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായിട്ടായിരുന്നത്രേ യാത്ര. കാണാതായവരില്‍ മുഹമ്മദ് സാജിദ് കുതിരുമ്മലാണ് ആദ്യം രാജ്യം വിട്ടത്. ഇയാള്‍ 2015 മാര്‍ച്ച് 31ന് മുംബൈ വിമാനത്താവളം വഴിയാണ് പോയത്. റാഷിദും ഭാര്യയും 2016 മേയ് 31നും മുര്‍ഷിദ് മുഹമ്മദ് 2015 നവംബര്‍ 10നും മുഹമ്മദ് മര്‍വാന്‍, ഹഫീസുദ്ദീന്‍,മുഹമ്മദ് മന്‍സാദ് എന്നിവര്‍ 2016 ജൂണ്‍ അഞ്ചിനും ഷംസിയ കുറയ, അഷ്ഫാഖ് എന്നിവര്‍ ജൂണ്‍ രണ്ടിനും ഫിറോസ് ഖാന്‍ ജൂലൈ അഞ്ചിനും മുംബൈ വിമാനത്താവളം വഴി തന്നെ രാജ്യം വിട്ടതായാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം. 

ഡോ. ഇജാസും ഭാര്യയും ജൂണ്‍ മൂന്നിന് ഹൈദരാബാദ് വഴിയും ഷിഹാസും അജ്മലയും മേയ് 24ന് ബംഗളൂരു വഴിയും രാജ്യം വിട്ടതായാണ് രേഖകളില്‍നിന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചത്. കാണാതായവര്‍ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറയും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ വിനിമയത്തിന്‍െറയും സ്രോതസ്സ് പരിശോധിച്ചാണ് ഇവര്‍ അഫ്ഗാനിലാണെന്ന നിഗമനത്തില്‍ എത്തിയത്.

Tags:    
News Summary - national investigation agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.