തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട തീരദേശ, മലയോര ഹൈവേകളുടെ പഠന റിപ്പോര്‍ട്ട് തയാറായി. ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന 652.4 കിലോമീറ്റര്‍ തീരദേശപാതയുടെയും 13 ജില്ലയിലൂടെ കടന്നുപോകുന്ന 1,267 കിലോമീറ്റര്‍ മലയോര ഹൈവേയുടെയും പഠനറിപ്പോര്‍ട്ട് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ളാനിങ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍ (നാറ്റ്പാക്) ഡയറക്ടര്‍ ബി.ജി. ശ്രീദേവി മന്ത്രി ജി. സുധാകരന് കൈമാറി.
ഇരുപദ്ധതികളുടെയും വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ മന്ത്രി നാറ്റ്പാക്കിന് നിര്‍ദേശംനല്‍കി. തീരദേശ, മലയോരവാസികളുടെ സഹകരണം ഉറപ്പാക്കി അവരെ വിശ്വാസത്തിലെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തീരദേശപാതക്ക് ഏകദേശം 5000 കോടിയും മലയോരപാതക്ക് ഏകദേശം 7000 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം 77.8 കി.മീ, കൊല്ലം (53.6), ആലപ്പുഴ (82.7), എറണാകുളം (62.6), തൃശൂര്‍ (59.9), മലപ്പുറം (69.7), കോഴിക്കോട് (75.5), കണ്ണൂര്‍ (85.3), കാസര്‍കോട് 85.3 കിലോമീറ്ററുമാണ് തീരദേശപാത പണിയുന്നത്. ഇതിന് 5.5 മീറ്റര്‍ മുതല്‍ ഏഴു മീറ്റര്‍ വരെ വീതിയുണ്ടാകും.

12ഓളം മേല്‍പാലങ്ങള്‍ വേണ്ടിവരും. സ്ഥലപരിമിതിയുള്ളിടത്ത് വീതി കുറച്ച് പണിയും. മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കില്ല. നിലവിലെ പാതയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഭാഗങ്ങള്‍ ചേര്‍ത്താണ് പാത യാഥാര്‍ഥ്യമാക്കുന്നത്. കാസര്‍കോട് 133 കി.മീ, കണ്ണൂര്‍ (118), വയനാട് (100), കോഴിക്കോട് (117), മലപ്പുറം (108), പാലക്കാട് (138), തൃശൂര്‍ (67), എറണാകുളം (117), ഇടുക്കി (152), കോട്ടയം (23), പത്തനംതിട്ട (50), കൊല്ലം (63), തിരുവനന്തപുരം 81കി.മീറ്ററുമാണ് മലയോരപാത പണിയുന്നത്. ഇതില്‍ കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പണി തുടങ്ങിക്കഴിഞ്ഞു. നിലവിലെ മലയോരപാതകളിലെ കൂട്ടിച്ചേര്‍ക്കേണ്ട ഭാഗങ്ങള്‍ ചേര്‍ത്താണ് പാത പണിയുന്നത്.

റോഡിന്‍െറ ആകെ വീതി 12 മീറ്ററും ടാര്‍വീതി ഏഴുമീറ്ററുമായിരിക്കും. പാലങ്ങളും മേല്‍പാലങ്ങളും ഉള്‍പ്പെടുത്തിയാകും നിര്‍മാണം പൂര്‍ത്തിയാക്കുക. ഡി.പി.ആര്‍ ലഭ്യമായാല്‍ കിഫ്ബിക്ക് കൈമാറും. അവരുടെ അനുമതിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാകും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Tags:    
News Summary - national highway project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.