തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന്‍റെ സ്വാഗത പ്രസംഗത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പുകഴ്ത്തി മന്ത്രി വി.എൻ. വാസവന്‍ പറഞ്ഞ വാക്കിൽ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി ഞങ്ങളുടെ സർക്കാറിന്‍റെ പാർട്ണറാണെന്ന മന്ത്രി വാസവന്‍റെ പരാമർശമാണ് മോദി എടുത്ത് തിരികെ ഉപയോഗിച്ചത്.
ഒരു കമ്യൂണിസ്റ്റ് സർക്കാറിന്‍റെ മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാറിന്‍റെ പാർട്ണറാണെന്ന് വിശേഷിപ്പിക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് പ്രാധാന്യം നൽകണമെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇതാണ് മാറുന്ന ഭാരതമെന്നും മോദി വ്യക്തമാക്കി.
അതേസമയം, അദാനിയെ വാരിപ്പുണരാൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ആളുകൾക്ക് മടിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി വാസവന്‍റെ വാക്ക് ഉപയോഗിച്ച് മോദി ചെയ്തത്. അദാനി കുത്തകയാണെന്നും അദാനിയുടെ അടുത്ത സുഹൃത്താണ് മോദിയെന്നും കമ്യൂണിസ്റ്റ് പാർട്ടികളും നേതാക്കളും നിരന്തരം വിമർശനം ഉയർത്താറുണ്ട്.
അദാനിയെയും തന്നെയും ഇത്തരത്തിൽ വിമർശിക്കുന്നവരുടെ പ്രതിനിധിയായ ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പങ്കാളിയെന്ന് വിശേഷിപ്പിച്ച് വാരിപ്പുണരുന്നതിൽ മടിയില്ലെന്നാണ് പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ കമ്യൂണിസ്റ്റ് സർക്കാറിന്‍റെ നിലപാടും ആശയപരമായ കടുംപിടിത്തങ്ങളും മാറുന്നുവെന്ന കൃത്യമായ രാഷ്ട്രീയം ഇടത്-ബി.ജെ.പി അണികളെ അറിയിക്കുക കൂടിയാണ് മോദി ചെയ്തത്.
കഴിഞ്ഞ 30 കൊല്ലമായി അദാനി ഗുജറാത്തിൽ തുറമുഖ നിർമാണത്തിലുണ്ടെന്നും കേരളത്തിൽ ഇത്രയും വലിയ തുറമുഖം നിർമിച്ചതിനെ കുറിച്ച് അദാനിയോട് ഗുജറാത്തിലെ ജനങ്ങൾ ചോദിക്കുമെന്നും തമാശ രൂപേണ മോദി പറയുകയും ചെയ്തു.
സമുദ്രമേഖലയിലെ വികസനത്തിന് ഉൾപ്പെടെ ഉയരങ്ങളിലെത്തുന്നതിന് സ്വകാര്യ പങ്കാളിത്തത്തിന് ആവശ്യമായ പരിഗണന നൽകണം. സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പങ്കാളിത്തം ഭാവിയിലും പ്രയോജനം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതിനെ തുടർന്ന് സാമൂഹ്യ ആഘാതം അനുഭവിക്കേണ്ടി വന്ന 2,976 പേർക്ക് 11 കോടി രൂപ വിതരണം ചെയ്തു. അദാനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങളും സർക്കാർ തലത്തിലുള്ള ക്ഷേമപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.