80ാം വയസ്സിൽ കന്നിവോട്ട് രേഖപ്പെടുത്തിയ നാരായണൻ പോളിങ് ബൂത്തിന് മുന്നിൽ
പെരിന്തൽമണ്ണ: കന്നിവോട്ട് ചെയ്ത സന്തോഷത്തിലാണ് 80കാരനായ ആനമങ്ങാട് സ്വദേശി നാരായണൻ. ആനമങ്ങാട് എ.എൽ.പി സ്കൂളിലെ 149ാം ബൂത്തിലാണ് നാരായണൻ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം മരണപ്പെട്ട് ഒറ്റക്കായ നാരായണന് തിരിച്ചറിയൽ രേഖകളോ റേഷൻ കാർഡോ ഇല്ലാത്തതിനാലാണ് ഇത്രയും കാലം വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. 40 വർഷത്തോളമായി ഒറ്റക്കാണ് താമസം.
പരേതരായ എരുമതടത്തിൽ രാമന്റെയും കോതമ്മയുടെയും മകനായ നാരായണൻ ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇപ്പോൾ ഉപജീവനം കണ്ടെത്തുന്നത്. വാർധക്യം മൂലം ജോലിചെയ്യാൻ സാധിക്കാതായിട്ടുണ്ട്. റേഷൻ കാർഡും വാർധക്യ പെൻഷനും ഇല്ലാത്തതിന് പരിഹാരം കാണാൻ സി.പി.ഐ പ്രവർത്തക ജ്യോതി ഇടപെട്ടതോടെയാണ് തിരിച്ചറിയൽ രേഖകൾ ലഭ്യമായത്. വോട്ടവകാശം നേടാനായിരുന്നു പിന്നീടുള്ള ശ്രമം. വോട്ടർപട്ടികയിൽ പേര് ചേർക്കുകയും ആധാർ കാർഡിന് അപേക്ഷിക്കുകയും ചെയ്തു. ആധാർ കാർഡ് കിട്ടിയ ഉടൻ പെൻഷൻ, റേഷൻ കാർഡ് എന്നിവക്ക് കൂടി അപേക്ഷ നൽകി.
ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിൽ വൈദ്യുതി ലഭിച്ചിട്ടില്ല. ഇതിനും അധികം വൈകാതെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാരായണൻ. ഉപജീവനത്തിന് വേണ്ട പെൻഷനും റേഷനും കിട്ടുന്നതിന് ആവശ്യമായ സഹായം ചെയ്ത് നൽകാനായതിന്റെ സന്തോഷത്തിലാണ് ജ്യോതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.