നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കേസ്: മാരിമുത്തുവിനെ ഹാജരാക്കണമെന്ന് കലക്ടർ

കോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്ത കേസിൽ മാരിമുത്തുവിനെ ഹാജരാക്കണമെന്ന് പാലക്കാട് കലക്ടറുടെ നിർദേശം. നഞ്ചിയമ്മ അടക്കമുള്ള ഭൂമിയുടെ അവകാശികൾ നൽകിയ അപ്പീലിൽ ബുധനാഴ്ച കലക്ടർ ആദ്യ ഹിയറിങ് നടത്തി. കന്തസ്വാമി ബോയനിൽനിന്ന് ഭൂമി ലഭിച്ചുവെന്ന് അവകാശപ്പെടുന്നത് മാരിമുത്തുവാണ്.

അഗളി വില്ലേജിൽ മാരിമുത്തുവിന്റെ പേരിൽ ഭൂനികുതി അടച്ച രസീത് ഹാജരാക്കിയാണ് ഒറ്റപ്പാലം കോടതിയിൽനിന്ന് കെ.വി. മാത്യു ഭൂമിക്ക് ആധാരമുണ്ടാക്കിയത്. കെ.വി. മാത്യു ഹാജരാക്കുന്ന ആധാരത്തിന്റെ അടിസ്ഥാന രേഖ മാരിമുത്തുവിന്റെ നികുതി രസീതാണ്.

എന്നാൽ, അഗളി വില്ലേജ് ഓഫിസർ നാൾവഴി രജിസ്റ്റർ പരിശോധനയിൽ മാരിമുത്തു എന്നപേരിൽ നികുതി അടച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇക്കാര്യം ഹിയറിങ്ങിൽ ചൂണ്ടിക്കാട്ടി. അതോടെ മാരിമുത്തു വ്യാജ നികുതി രസീതാണ് കോടതിയിൽ ഹാരജാക്കിയതെന്ന് വ്യക്തമായി. ഭൂമി തട്ടിയെടുക്കാൻ വ്യാജ നികുതി രസീത് നിർമിച്ചതിന് ക്രിമിനൽ കേസ് എടുക്കണ്ടേയെന്ന് ഹിയറിങ്ങിനിടയിൽ കലക്ടർ ചോദിച്ചു.

ഒറ്റപ്പാലം കോടതിയിലാണ് മാരിമുത്തു നികുതി രസീത് ഹാജരാക്കിയത്. വ്യാജ നികുതി രസീതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ആധാരമാണ് പിന്നീട് ഭൂമികൈമാറ്റത്തിന് ഉപയോഗിച്ചത്. കെ.വി. മാത്യു ഭൂമിയിൽ അവകാശവാദം ഉന്നയിച്ചത് അതിന്റെ പിൻബലത്തിലാണ്. മാരിമുത്തുവിന് നോട്ടീസ് നൽകി അടുത്ത ഹിയറിങിന് ഹാജരാക്കണമെന്ന് കലക്ടർ നിർദേശിച്ചു.

നികുതി അടച്ചുവെന്നതിന് തെളിവ് നൽകേണ്ടത് മാരിമുത്തുവാണ്. അതിനാലാണ് കലക്ടർ മാരിമുത്തു ഹാജരാകാൻ ആവശ്യപ്പെട്ടത്. നഞ്ചിയമ്മയുടെ കുടുംബഭൂമി മറ്റ് ടി.എൽ.എ കേസിൽനിന്ന് വ്യത്യസ്തമാണ്. കന്തസ്വാമി അട്ടപ്പാടിയിലെ വലിയ ജന്മിയായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ കന്തസ്വാമിയിൽനിന്ന് 35 ഏക്കറാണ് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തത്. അതിനാൽ ഈ ഭൂമി നഞ്ചിയമ്മക്ക് വിട്ടു നൽകാൻ നിയമതടസമില്ല. എന്നാൽ,

ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുയാണ് കൈയേറ്റക്കാർ ചെയ്തത്. ആദിവാസികൾക്ക് നിയമത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ അതിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. 1999ലെ നിയമം ചൂണ്ടിക്കാണിച്ച് വ്യാജരേഖയുടെ പിൻബലത്തിൽ ആദിവാസി ഭൂമി പലയിത്തും കൈയേറിയിട്ടുണ്ട്. നഞ്ചിയമ്മയുടെ കേസ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. അഡ്വ. ദിനേശ് നഞ്ചിയമ്മക്കുവേണ്ടി ഹാജരായി. ഭൂമി ഉടമസ്ഥത അവകാശപ്പെടുന്ന കെ.വി. മാത്യുവും ഹിയറിങ്ങിന് ഹാജരായി.  

Tags:    
News Summary - Nanjiamma's land grab case: Collector to produce Marimuthu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.